അമെരിക്കയിൽ റോഡുകൾ പെട്ടെന്ന് രൂപം മാറുന്നു; ഓടിക്കൊണ്ടിരുന്ന കാർ ഉയർന്നു പൊങ്ങി | viral video
മിസോറി: അതിതീവ്രമായ ചൂടിൽ റോഡിൽ രൂപമാറ്റം സംഭവിച്ചതോടെ വാഹനങ്ങൾ ഉയരുന്നു പൊങ്ങുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളുടെ വീഡിയോ സാമൂഹമാധ്യമങ്ങളിൽ വൈറലായി. അമെരിക്കയിലെ മിസോറി സംസ്ഥാനത്തെ കേപ് ജിറാർഡോയിലാണ് സംഭവം നടന്നത്. ജൂൺ 22 ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
കടുത്ത ചൂടിൽ റോഡ് പൊങ്ങി ഹമ്പ് പോലെയാവുന്നത് കണ്ട പ്രദേശവാസികളാണ് ദൃശ്യങ്ങൾ പകർത്തിയത്. കാറുകൾ കടന്നു പോവുമ്പോൾ റോഡിന്‍റെ ഉപരിതലം പെട്ടെന്ന് ഉയരത്തിൽ പൊങ്ങി വരുന്നതായി കാണാം. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
കേടുപാടുകൾ കണ്ടിട്ടും റോഡ് ഗതാഗതത്തിനായി തുറന്നു നൽകിയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷി പറയുന്നു. സംഭവത്തിനു പിന്നാലെ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി. ഡ്രൈവർമാർ നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും, റോഡിൽ അസാധാരണമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് പ്രാദേശിക ഭരണ സംവിധാനങ്ങളെ അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.