
യന്ത്രപ്പക്ഷി ഡ്രോൺ
Chinese military
ദൂരെ നിന്നു കണ്ടാൽ പരുന്ത്...അല്ലെങ്കിൽ ഒരു കുഞ്ഞിക്കുരുവി, അടുത്തെത്തിയാലോ അവൻ ഒന്നാന്തരമൊരു ഡ്രോൺ! പക്ഷികളുടെ സാദൃശ്യമുള്ള സൈനിക ചാര ഡ്രോണുകളുടെ നിർമാണത്തിൽ അതിവേഗമാണ് ചൈന പുരോഗമിക്കുന്നത്. കഴിഞ്ഞ വർഷമാണ് ചൈന കണ്ടാൽ മരക്കുരുവി(യൂറേഷ്യൻ ട്രീ സ്പാരോ)യുടെയും പരുന്തിന്‍റെയും മറ്റും രൂപത്തിലുള്ള പക്ഷി ഡ്രോൺ ഔദ്യോഗികമായി പുറത്തിറക്കിയതും ആകാശത്തു പറപ്പിച്ചതും.
ചെറിയ ഒരു പക്ഷിയോടു നല്ല സാമ്യമുള്ളതിനാൽ ഇതിനെ ഡ്രോണായി ആരും തെറ്റിദ്ധരിക്കില്ല. പരിശീലനം ലഭിച്ച പ്രാവുകളെ പണ്ടു മുതൽക്കേ യുദ്ധങ്ങൾക്കായി ഉപയോഗിച്ചിരുന്നെങ്കിലും ഇത്തരത്തിലൊരു ഡ്രോൺ യന്ത്രപ്പക്ഷി ഇതാദ്യമായാണ്. പക്ഷിയെപ്പോലെ ചിറകുകൾ ചലിപ്പിച്ചു പറക്കുന്ന ഈ യന്ത്രപ്പക്ഷി ഡ്രോൺ ഒരു ഓർണിത്തോപ്റ്റർ ആണെന്നു വിശ്വസിക്കപ്പെടുന്നു.
പറക്കുന്ന പക്ഷിയെ പോലെ ചലിക്കുന്നതിനാൽ ദൂരെയുള്ള യഥാർഥ പക്ഷികളിൽ നിന്ന് ഇതിനെ വേർതിരിച്ച് അറിയാനാകില്ല. ശത്രുസൈന്യത്തിന്‍റെ ഫലപ്രദമായ നിരീക്ഷണത്തിന് ഓർണിത്തോപ്റ്ററുകൾക്ക് ചെറുതും നൂതനവുമായ സെൻസറുകൾ വഹിക്കാൻ കഴിയുമെന്നും പഠനങ്ങൾ പറയുന്നു. മറവിലുള്ള ശത്രു സൈന്യത്തെ ആക്രമിക്കാൻ ഇവയിൽ മൈക്രോ-വാർ ഹെഡുകൾ ഘടിപ്പിക്കാനും സാധിക്കും. എങ്കിലും ഇത്തരം യന്ത്രപ്പക്ഷി ഡ്രോണുകളുടെ ദൂരപരിധി പരിമിതമാണ്. അതിനാൽ ഇതിനെ ഹ്രസ്വ-ദൂര നിരീക്ഷണത്തിനു മാത്രമേ ഉപയോഗിക്കാനാകൂ.
വെള്ളത്തിനടിയിൽ റോബോ-ഫിഷും!
ഇത്തരം ബയോ മിമെറ്റിക് സൈനിക ആസ്തികൾ ചൈനയ്ക്ക് പുതിയതല്ല. 2021 ൽ സൗത്ത് ചൈന പോസ്റ്റ് വെള്ളത്തിനടിയിൽ വാൽ ആട്ടി നീന്തിത്തുടിക്കുന്ന റോബോ-ഫിഷ് എന്ന വീഡിയോ അപ് ലോഡ് ചെയ്തിരുന്നു. വെള്ളത്തിനടിയിൽ നിരീക്ഷണത്തിനായി സൃഷ്ടിച്ച ഒരു യന്ത്ര മത്സ്യ ഡ്രോൺ ആയിരുന്നു അത്.