അഗ്നിവർഷത്തിന് അനൗദ്യോഗിക വിരാമം

ഇറാനെതിരേ വെടിനിർത്തൽ പ്രഖ്യാപിക്കാതെ നെതന്യാഹു
Netanyahu refuses to declare ceasefire against Iran

ഇറാനെതിരേ വെടിനിർത്തൽ പ്രഖ്യാപിക്കാതെ നെതന്യാഹു

Updated on

ജെറുസലേം: അഗ്നിവർഷം തൂകിയ ഇറാൻ-ഇസ്രയേൽ മിസൈൽ യുദ്ധത്തിനു ശേഷം ഇതാദ്യമായി ഔദ്യോഗിക പ്രസ്താവനയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരേയുള്ള ആക്രമണങ്ങൾ ഇസ്രയേൽ താൽക്കാലികമായി നിർത്തി വച്ചതായി വ്യക്തമാക്കിയ അദ്ദേഹം ഇത് ഔദ്യോഗിക വെടിനിർത്തലല്ലെന്നും വ്യക്തമാക്കി.

ടെഹ്റാനിലെ ഭീകര ഭരണകൂടത്തിന് ശക്തമായ തിരിച്ചടി നൽകിയതിനെ തുടർന്ന് അവർ ഇസ്രയേലിനു നേരെയുള്ള ആക്രമണം നിർത്തിയെന്നും അതുകൊണ്ടാണ് ഇപ്പോൾ ഇരു പക്ഷത്തു നിന്നും തീ ഒടുങ്ങിയിരിക്കുന്നതെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ നെതന്യാഹു പറഞ്ഞു.

എന്നാൽ ഇറാൻ വീണ്ടുമൊരു തെറ്റ് ചെയ്യാൻ തുനിഞ്ഞാൽ അതിശക്തമായ ഭാഷയിലായിരിക്കും ഇസ്രയേലിന്‍റെ മറുപടിയെന്നും അദ്ദേഹം കടുത്ത മുന്നറിയിപ്പ് നൽകി. ലെബനനിലെ സംഘർഷത്തെ ഇറാന്‍റെ തിരിച്ചടിയുമായി ബന്ധിപ്പിച്ചു കൊണ്ട് ഒരു പുതിയ സമവാക്യം സൃഷ്ടിക്കാനാണ് ടെഹ്റാൻ ശ്രമിച്ചതെന്ന് നെതന്യാഹു കുറ്റപ്പെടുത്തി.

ലെബനൻ മണ്ണിൽ നിന്നും ഇറാനിൽ നിന്നും ഇസ്രയേലിനു നേരെ ഒരേ സമയം ആക്രമണം നടത്താമെന്നും എന്നാൽ തങ്ങൾ പ്രതികരിക്കില്ലെന്നുമാണ് അവർ കരുതിയത്.

എന്നാൽ തന്‍റെ ഭരണത്തിൻ കീഴിൽ അത് ഒരിക്കലും സംഭവിക്കില്ലെന്നും ശത്രുക്കൾക്കെതിരേ ആഞ്ഞടിക്കാനുള്ള ഇസ്രയേലിന്‍റെ അവകാശത്തിൽ താൻ ഉറച്ചു നിൽക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം ഇറാനെതിരേ ഉടനടി തിരിച്ചടി നൽകരുതെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നതായും കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുനേതാക്കളും രണ്ടു തവണ ഫോണിൽ സംസാരിച്ചതായും യുഎസ്-ഇസ്രയേൽ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

logo
Metro Vaartha
www.metrovaartha.com