"പരാജയപ്പെട്ടത് അമെരിക്ക, ആണവ-മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ല"

മൊജ്തബ ഖമനേയിയുടെ പുത്തൻ പ്രഖ്യാപനം യുദ്ധത്തിന്‍റെ 62ാം ദിനം
America has failed, there will be no compromise on nuclear and missile programs: Mojtaba Khamenei

പരാജയപ്പെട്ടത് അമെരിക്ക, ആണവ-മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ല: മൊജ്തബ ഖമനേയി

Updated on

പശ്ചിമേഷ്യൻ യുദ്ധം 62ാം ദിവസത്തിലേയ്ക്കു കടക്കുമ്പോൾ അമെരിക്കയ്ക്ക് എതിരേയും ഇസ്രയേലിനെതിരേയും രൂക്ഷ വിമർശനവുമായി ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെ മേഖലയിൽ അമെരിക്കൻ സാമ്രാജ്യത്വം ദയനീയമായി പരാജയപ്പെട്ടെന്നു പ്രഖ്യാപിച്ച മൊജ്തബ ഖമനേയി ഹോർമൂസ് കടലിടുക്കിലും പേർഷ്യൻ ഗൾഫിലും ഇറാൻ പുതിയ അധ്യായം തുറക്കുകയാണെന്നും അമെരിക്കയുടെ ചൂഷണം ഇനി അനുവദിക്കില്ലെന്നും വ്യക്തമാക്കി.

ഹോർമൂസ് നിയന്ത്രിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി സ്ഥിരീകരിച്ച അദ്ദേഹം, മേഖലയിലെ അരക്ഷിതാവസ്ഥയ്ക്കു കാരണം അമെരിക്കൻ സാന്നിധ്യമാണെന്ന് കുറ്റപ്പെടുത്തി. അമെരിക്കയുടെ സ്ഥാനം പശ്ചിമേഷ്യയിൽ അല്ല, മറിച്ച് കടലിന്‍റെ അടിത്തട്ടിലാണെന്ന് കാലം തെളിയിക്കും.

അയൽരാജ്യങ്ങളുമായി സഹകരിച്ച് സമാധാനവും സാമ്പത്തിക നേട്ടവും കൈവരിക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നത്. എന്നാൽ ഇറാന്‍റെ അതിർത്തികൾ കാക്കുന്നതു പോലെ തന്നെ രാജ്യത്തിന്‍റെ പ്രതിരോധ ശേഷിയും സംരക്ഷിക്കപ്പെടുമെന്ന് മൊജ്തബ ഓർമിപ്പിച്ചു.

രാജ്യത്തിന്‍റെ ആണവ-മിസൈൽ പദ്ധതികളിൽ യാതൊരു വിധ വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന ഉറച്ച നിലപാടാണ് പുതിയ സന്ദേശത്തിലൂടെ ഇറാൻ ലോകത്തിന് നൽകുന്നത്. പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നത് തുടരുമെന്നും മേഖലയുടെ ഭാവി തീരുമാനിക്കുന്നതിൽ അമെരിക്കയ്ക്ക് ഇനി യാതൊരു സ്ഥാനവും ഉണ്ടാകില്ലെന്നും മൊജ്തബ പറഞ്ഞു. യുദ്ധം രണ്ടു മാസം പിന്നിട്ടിട്ടും ഇറാന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഈ ശക്തമായ പ്രതികരണം പശ്ചിമേഷ്യയിൽ വൻ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com