

അമെരിക്കയ്ക്കെതിരേ മുന്നറിയിപ്പുമായി വെനിസ്വേല ആക്റ്റിങ് പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസ്
FILE PHOTO
കാരക്കസ് : മുൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയെ അമെരിക്കൻ സൈന്യം പിടികൂടിയതിനു ശേഷം വെനിസ്വേലയുടെ ഭരണം ഏറ്റെടുത്ത ഡെൽസി റോഡ്രിഗസ് യുഎസ് ഭരണകൂടത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. വാഷിങ്ടണിൽ നിന്നുള്ള ഉത്തരവുകൾ വെനിസ്വേലൻ രാഷ്ട്രീയക്കാർ ഇനി സ്വീകരിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു. പുവെർട്ടോ ലാ ക്രൂസിലെ ഒരു എണ്ണ ശുദ്ധീകരണ ശാലയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് റോഡ്രിഗസ് ഈ പ്രസ്താവന നടത്തിയത്. വെനിസ്വേലയുടെ ആഭ്യന്തര പ്രശ്നങ്ങൾ സ്വന്തം രാഷ്ട്രീയ നിലപാടുകളിലൂടെ പരിഹരിക്കാൻ കഴിയുമെന്നും വിദേശ ശക്തികളുടെ ഇടപെടൽ ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി.
എണ്ണ ഉൽപാദനം വർധിപ്പിക്കുന്നതിനും അതിന്‍റെ നിയന്ത്രണത്തിനും അമെരിക്കയിൽ നിന്നുള്ള കനത്ത സമ്മർദ്ദമാണ് റോഡ്രിഗസ് നേരിടുന്നത്. മഡുറോയുടെ വിശ്വസ്തയായിരുന്ന റോഡ്രിഗസിനെയാണ് അമെരിക്ക ഇടക്കാല നേതാവായി പിന്തുണയ്ക്കുന്നത്. എന്നാൽ രാജ്യത്തെ മഡുറോ അനുകൂലികളെയും ഷാവിസ്റ്റുകളെയും ഒന്നിപ്പിക്കുന്നതിനിടെ അമെരിക്കയുടെ അമിതമായ നിയന്ത്രണം ദോഷകരമാകുമെന്ന തിരിച്ചറിവിലാണ് ഈ പുതിയ പ്രതികരണം.
മഡുറോ ന്യൂയോർക്കിൽ വിചാരണ നേരിടുമ്പോൾ വെനിസ്വേലയിലെ എണ്ണ വിപണിയിൽ പൂർണ നിയന്ത്രണം ഉറപ്പാക്കാനും ഗൾഫ് തീരത്തെ ശുദ്ധീകരണശാലകളിലേക്ക് വെനിസ്വേലൻ ക്രൂഡ് ഓയിൽ എത്തിക്കാനുമാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. വെനിസ്വേലൻ ജനത സമാധാനത്തിനും സ്ഥിരതയ്ക്കുമായി ഒന്നിച്ചു നിൽക്കണമെന്നും രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കാൻ ബൊളിവേറിയൻ നയതന്ത്രം ഉപയോഗിക്കുമെന്നും റോഡ്രിഗസ് കൂട്ടിച്ചേർത്തു.