

ചൈനയിൽ അടിച്ചമർത്തൽ നേരിടുന്ന വിശ്വാസികളായ ജനങ്ങൾക്കുവേണ്ടി പാസ്റ്റർ എസ്ര ജിൻ മിംഗ്രി സംസാരിക്കുന്നു.
ഷി ജിൻപിങ്ങിന്‍റെ യുഎസ് സന്ദർശന വേളയിൽ വ്യാപാരത്തിനും സാങ്കേതിക വിദ്യയ്ക്കും പുറമേ, മതപീഡനത്തെ കുറിച്ചു കൂടി ട്രംപ് സംസാരിക്കണമെന്ന് ചൈനയിലെ ക്രൈസ്തവ വിശ്വാസികൾ ആവശ്യപ്പെട്ടു. മതപീഡനം കൂടാതെ ചൈനയിലെ രാഷ്ട്രീയ തടവുകാർ, ദേശീയ സുരക്ഷാ ഭീഷണികൾ എന്നീ കാര്യങ്ങളിലും ട്രംപ് ഷിയെ സമ്മർദ്ദത്തിലാക്കണമെന്നു കൂടി ചൈനയിലെ മതനേതാക്കൾ, മനുഷ്യാവകാശ വക്താക്കൾ, നിയമനിർമാതാക്കൾ എന്നിവർ ട്രംപിനോട് ആവശ്യപ്പെട്ടു.
ചൈനയിൽ നിരന്തരം പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ നേതാക്കളും വക്താക്കളും ചൈനീസ് സർക്കാർ പീഡിപ്പിച്ച ക്രിസ്ത്യാനികളായ ഇരകളുടെ കുടുംബങ്ങളും പ്രാർഥനക്കൂട്ടായ്മ നടത്തിയ ശേഷം വിശ്വാസം ആചരിച്ചതിന് ചൈനയിൽ തടവിലാക്കപ്പെട്ട ക്രിസ്ത്യാനികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തങ്ങളുടെ ഈ ആശങ്കകൾ ട്രംപ് നേരിട്ട് ഷിയുടെ അടുത്തേയ്ക്കു കൊണ്ടു വരണമന്ന് അവർ ആവശ്യപ്പെട്ടു.
"പ്രസിഡന്റ് ട്രംപ് ധൈര്യശാലിയായിരിക്കണമെന്നും ദേശീയ സുരക്ഷയെക്കുറിച്ചോ കൃത്രിമബുദ്ധിയെക്കുറിച്ചോ മാത്രമല്ല, മനുഷ്യാവകാശങ്ങളെയും മതസ്വാതന്ത്ര്യത്തെയും കുറിച്ചും സംസാരിക്കണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു," എന്ന് ക്രിസ്ത്യൻ ഡിഫൻസ് കോളിഷനിലെ മഹോണി പറഞ്ഞു.
ഈ പ്രാർഥനാഗ്രൂപ്പിനൊപ്പം ചൈനയുടെ തടങ്കലിൽ നിന്ന് ട്രംപ് ഷിയോട് ആവശ്യപ്പെട്ടതു കൊണ്ടു മാത്രം ജയിൽ മോചിതനായ പാസ്റ്റർ എസ്ര ജിൻ മിംഗ്രിയും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് ക്രൈസ്തവ ദേവാലയങ്ങൾക്കെതിരേ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ രഹസ്യ ആക്രമണത്തിൽ പാസ്റ്റർ എസ്ര ജിൻ മിംഗ്രിയെ ചൈനീസ് ഭരണകൂടം ക്രൈസ്ത വിശ്വാസം ആചരിച്ചു എന്നതിന്‍റെ പേരിൽ അറസ്റ്റു ചെയ്തു ജയിലിൽ അടച്ചത്.
ബീജിങിൽ നടന്ന അവസാന ഉച്ചകോടിയിൽ ട്രംപ് ഷിയോട് പാസ്റ്റർ എസ്ര ജിൻ മിംഗ്രിയെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ 4ന് ചൈനീസ് ഭരണകൂടം അദ്ദേഹത്തെ മോചിപ്പിച്ചു. നിലവിൽ അമെരിക്കയിലാണ് പാസ്റ്റർ എസ്ര ജിൻ മിംഗ്രി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ജിൻ ഇപ്പോൾ ക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രമല്ല, ചൈനയിൽ അടിച്ചമർത്തൽ നേരിടുന്ന എല്ലാ വിശ്വാസികളുടെയും നാവാണ്.