മാധ്യമങ്ങൾക്കെതിരെ ഭീഷണിയുമായി ട്രംപ്
getty images
മാധ്യമങ്ങൾക്കു ഭീഷണിയുമായി ട്രംപ്
വാഷിങ്ടൺ: തനിക്കെതിരേ നിരന്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ലൈസൻസ് റദ്ദാക്കൽ ഉൾപ്പടെയുള്ള നടപടികളുണ്ടാകുമെന്നാണ് ട്രംപിന്‍റെ വാദം. ചാർലി കിർക്കിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങൾക്ക് പിന്നാലെ പ്രശസ്ത അവതാരകൻ ജിമ്മി കിമ്മലിന്‍റെ ടോക് ഷോ അവസാനിപ്പിച്ചിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് ട്രംപിന്‍റെ ഏറ്റവും പുതിയ മുന്നറിയിപ്പ്.
ട്രംപിന്‍റെ അഭിപ്രായത്തിൽ 97 ശതമാനം മാധ്യമങ്ങളും തനിക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. തനിക്ക് മോശം പബ്ലിസിറ്റി മാത്രമാണ് മാധ്യമങ്ങൾ നൽകുന്നതെന്നും അവർക്കെതിരെ എന്തു നടപടികൾ സ്വീകരിക്കാനാകും എന്ന് ആലോചിക്കുമെന്നും ട്രംപ് വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന ഈ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയേക്കാം എന്നാണ് വിലയിരുത്തൽ.