

വൊഡേല യശസ്വി കോട്ടപ്പല്ലി എന്ന യുവാവ് ആണ് അറസ്‌റ്റിലായിരിക്കുന്നത്
file photo
ന്യൂജഴ്സി: ബാലികാ പീഡനത്തിന് ഇന്ത്യൻ യുവാവിനെ ന്യൂജഴ്സി പൊലീസ് അറസ്റ്റ് ചെയ്തു. 13 വയസുള്ള കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. യുഎസ് ഇമിഗ്രേഷൻ ആൻഡ് കംസ് എൻഫോഴ്സ്മെന്‍റ് (ഐസിഇ) ആണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. വൊഡേല യശസ്വി കോട്ടപ്പല്ലി എന്ന യുവാവ് ആണ് അറസ്‌റ്റിലായിരിക്കുന്നത്.
പീഡനത്തിനു പുറമേ മോഷണം ഉൾപ്പടെയുള്ള കുറ്റങ്ങളും പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്. ഇയാൾ അനധികൃതമായി അമെരിക്കയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. ഇയാളെ ഉടൻ നാടു കടത്തും. നാടു കടത്തൽ നടപടികൾ ഉണ്ടാകുന്നതു വരെ പ്രതി കസ്റ്റഡിയിൽ തുടരുമെന്നാണ് ഐസിഇ അറിയിച്ചിരിക്കുന്നത്.
അറസ്റ്റിന്‍റെ തിയതി, കേസ് ഫയൽ ചെയ്ത കൗണ്ടി, അല്ലെങ്കിൽ ആരോപണ വിധേയമായ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ എന്നിവ ഏജൻസി വെളിപ്പെടുത്തിയിട്ടില്ല. ക്രിമിനൽ കുറ്റം ചുമത്തിയതിനാൽ വിചാരണയ്ക്കു ശേഷമായിരിക്കും നാടുകടത്തലിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമെരിക്കയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ നാടു കടത്തുന്നതിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. 2025ൽ 3800ൽ അധികം ഇന്ത്യക്കാരെ യുഎസിൽ നിന്ന് നാടു കടത്തിയതായി കേന്ദ്രം പാർലമെന്‍റിനെ അറിയിച്ചിരുന്നു. ക്രിമിനൽ കുറ്റങ്ങളുമായി ബന്ധപ്പെട്ട നാടു കടത്തലുകളെ കുടിയേറ്റ നിയമ ലംഘനങ്ങൾ മാത്രമുള്ളവയിൽ നിന്ന് വേർതിരിച്ച് പ്രത്യേകം കണക്കുകൾ സർക്കാർ പുറത്തു വിട്ടിട്ടില്ല.