ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി വീണ്ടും ഫിന്‍ലാന്‍ഡ്‌; ഇന്ത്യയുടെ റാങ്കിൽ മാറ്റമില്ല

ലോകത്തെ പല രാജ്യങ്ങളിലുള്ള മിക്ക യുവാക്കളും പ്രായമായവരെക്കാൾ സന്തുഷ്ടരാണെന്നും ഈ വർഷത്തെ റിപ്പോർട്ട് കണ്ടെത്തി.
Finland for the seventh time straight became the world's happiest country
Finland for the seventh time straight became the world's happiest country

2024ല്‍ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ്‌ തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച പ്രസിദ്ധീകരിച്ച യുഎൻ വാർഷിക വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് തുടർച്ചയായ ഏഴാം വർഷവും ഏറ്റവും സന്തോഷമുള്ള രാജ്യം എന്ന സ്ഥാനം ഫിന്‍ലാന്‍ഡ്‌ നിലനിർത്തിയത്. സന്തോഷ സൂചികയില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇന്ത്യ 126-ാം സ്ഥാനത്ത് തന്നെ തുടരുന്നു. ഡെന്‍മാര്‍ക്ക്, ഐസ്‌ലാന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍. പട്ടികയിലെ ആദ്യ 10 സ്ഥാനവും നോര്‍ഡിക് രാജ്യങ്ങള്‍ നിലനിര്‍ത്തി.

2020-ൽ താലിബാൻ നിയന്ത്രണം വീണ്ടെടുത്തതുമുതൽ ദുരന്തത്തിൽ വലയുന്ന അഫ്ഗാനിസ്ഥാൻ, സർവേയിൽ ഉൾപ്പെട്ട 143 രാജ്യങ്ങളിൽ ഏറ്റവും താഴെയാണ്.

പത്ത് വർഷം മുൻപ് തയാറാക്കിത്തുടങ്ങിയ വാർഷിക ഹാപ്പിനെസ് ഇൻഡെക്സിൽ ആദ്യമായി അമെരിക്കയും ജർമ്മനിയും ആദ്യ ഇരുപതിൽനിന്നു പുറത്തായി. യഥാക്രമം ഇവർ 23-ഉം 24-ഉം സ്ഥാനത്താണ് ഇത്തവണ. കോസ്റ്റ റിക്കയും കുവൈറ്റും 12, 13 സ്ഥാനങ്ങളിൽ പ്രവേശിച്ചു.

അതേസമയം ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളൊന്നും ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 2010 മുതൽ‌ അഫ്ഗാനിസ്ഥാൻ, ലെബനൻ, ജോർദാൻ എന്നിവിടങ്ങളിലെ സന്തോഷത്തിൽ കുത്തനെ ഇടിവ് കണ്ടുവരുന്നു. ഇതിനു വിപരീതമായി കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളായ സെർബിയ, ബൾഗേറിയ, ലാത്വിയ എന്നിവിടങ്ങളിൽ ഏറ്റവും വലിയ വർധനവും രേഖപ്പെടുത്തി.

വ്യക്തികളുടെ ജീവിത സംതൃപ്തി, പ്രതിശീർഷ ജിഡിപി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, സ്വാതന്ത്ര്യം, ഉദാരത, അഴിമതി എന്നിവയെക്കുറിച്ചുള്ള വ്യക്തികളുടെ സ്വയം വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് സന്തോഷ റാങ്കിങ് കണക്കാക്കുന്നത്.

പ്രകൃതിയുമായുള്ള അടുത്ത ബന്ധവും ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലനവുമാണ് ഫിന്‍ലാന്‍ഡിലെ ജീവിത സംതൃപ്തിയുടെ പ്രധാന ഘടകങ്ങള്‍ എന്ന് ഹെൽസിങ്കി സർവകലാശാലയിലെ ഹാപ്പിനസ് ഗവേഷകയായ ജെന്നിഫർ ഡി. പാവോല പറയുന്നു. മികച്ച സാമൂഹിക ചുറ്റുപാട്, അധികാരികളിലുള്ള വിശ്വാസം, കുറഞ്ഞ അഴിമതി, സൗജന്യ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയും ഫിന്‍ലന്‍ഡിനെ ഒന്നാമതെത്തുന്നതില്‍ സഹായിച്ചു.

ലോകത്തെ പല രാജ്യങ്ങളിലുള്ള മിക്ക യുവാക്കളും പ്രായമായവരെക്കാൾ സന്തുഷ്ടരാണെന്നും ഈ വർഷത്തെ റിപ്പോർട്ട് കണ്ടെത്തി. 2010 മുതൽ വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ 30 വയസിന് താഴെയുള്ളവർക്കിടയിൽ സന്തോഷം ഗണ്യമായി കുറഞ്ഞു വരുന്നുതായും വ്യക്തമായി. നേരെമറിച്ച്, പടിഞ്ഞാറൻ യൂറോപ്പിൽ എല്ലാ പ്രായത്തിലുമുള്ള ആളുകളും സമാന തലത്തിലുള്ള സന്തോഷം അനുഭവിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

യൂറോപ്പ് ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും സന്തോഷ അസമത്വം വര്‍ധിച്ചെന്നും ഇത് ആശങ്കാകുലമായ കാര്യമാണെന്നും ഗവേഷകർ സൂചിപ്പിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com