
അബുദാബി: മെൽബണിൽ നിന്ന് അബുദാബി സായിദ് അന്തർദേശീയ വിമാനത്താവളത്തിലേക്കുള്ള യുഎഇയുടെ ഇത്തിഹാദ് എയർവേയ്‌സിന്‍റെ ഇ.വൈ461 വിമാനത്തിന്‍റെ ടേക്ക് ഓഫ് സാങ്കേതിക കാരണങ്ങളാൽ നിർത്തിവച്ചു.
ഞായറാഴ്ച വൈകുന്നേരം 6.41ന് മെൽബണിൽ നിന്നും പുറപ്പെട്ട് തിങ്കൾ പുലർച്ചെ 1.43ന് അബുദാബിയിലെത്തേണ്ടിയിരുന്ന ബോയിംഗ് 787-9 ഡ്രീംലൈനറിന്‍റെ ടയറുകൾ മെൽബണിലെ റൺവേയിൽ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് പുറപ്പെടൽ മാറ്റി വച്ചത്.
മുന്നൂറോളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ഓസ്‌ട്രേലിയൻ വിമാനത്താവളത്തിലെ റൺവേ അടച്ചതിനാൽ പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും കാലതാമസം ഉണ്ടാകും.
മുൻകരുതൽ നടപടിയെന്ന നിലയിൽ അഗ്നിശമന സേനാ വിഭാഗം അടക്കമുള്ള അത്യാഹിത വിഭാഗങ്ങൾ സ്ഥലത്തെത്തി വിമാനത്തിന്‍റെ ലാൻഡിംഗ് ഗിയർ ടയറുകളിൽ അഗ്നിശമന വാതകം പ്രയോഗിച്ചു.
രണ്ട് ടയറുകൾ പൊട്ടിത്തെറിച്ചതായി എയർലൈൻ അറിയിച്ചു. ടേക്ക് ഓഫ് നിരസിച്ചതിനെ തുടർന്ന് ബ്രേക്ക് ഇടിച്ചതിനാലാണ് ഇത് സംഭവിച്ചത് എന്നും വിമാനത്തിന് തീപിടിച്ചിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും പരുക്കുകളൊന്നും കൂടാതെ സുരക്ഷിതമായി ഇറക്കി. കഴിയുന്നത്ര വേഗത്തിൽ യാത്ര തുടരുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എയർലൈൻ വിശദീകരിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും സൗകര്യവും തങ്ങളുടെ മുൻഗണനയാണെന്ന് ഇത്തിഹാദ് എയർവേസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉണ്ടായ അസൗകര്യത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.