വിദേശ സഹായം വേണ്ടെന്ന നിലപാട് മാറ്റി നേപ്പാൾ; പ്രളയ രക്ഷാപ്രവർത്തനത്തിനായി 11 അംഗ ഇന്ത്യൻ സംഘം എത്തി

മെഡിക്കൽ സംഘാംഗങ്ങളും തുരങ്ക രക്ഷാപ്രവർത്തന വിദഗ്ധരും ഉൾപ്പെടുന്ന സംഘത്തെ നേപ്പാൾ സർക്കാരിന്‍റെ അഭ്യർഥനയെ തുടർന്നാണ് അയച്ചതെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു
Flood rescue operations: 11-member Indian team arrives in Nepal.

പ്രളയ രക്ഷാപ്രവർത്തനം; 11 അംഗ ഇന്ത്യൻ സംഘം നേപ്പാളിലെത്തി

Updated on

കാഠ്മണ്ഡു: പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതിനായി 11 അംഗ ഇന്ത്യൻ സംഘം നേപ്പാളിലെത്തി. മിന്നൽപ്രളയത്തിൽ 500ലേറെ പേർ മരിക്കുകയും 2,000ഓളം പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തിലാണ് ശനിയാഴ്ച ഇന്ത്യൻ സംഘം നേപ്പാളിലെത്തിയത്.

മെഡിക്കൽ സംഘാംഗങ്ങളും തുരങ്ക രക്ഷാപ്രവർത്തന വിദഗ്ധരും ഉൾപ്പെടുന്ന സംഘത്തെ നേപ്പാൾ സർക്കാരിന്‍റെ അഭ്യർഥനയെ തുടർന്നാണ് അയച്ചതെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. മിന്നൽപ്രളയം ബാധിച്ച പ്രദേശങ്ങളിലേക്കാണ് സംഘം പോകുന്നത്.

ബുധനാഴ്ച റസുവ ഉൾപ്പെടെ മധ്യ നേപ്പാളിലെ വിവിധ പ്രദേശങ്ങളിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ 500ലേറെ പേർ മരിച്ചിരുന്നു. നിരവധി ജനവാസകേന്ദ്രങ്ങൾക്കും റോഡുകൾക്കും പാലങ്ങൾക്കും ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപകമായ നാശനഷ്ടമുണ്ടായി.

പ്രാദേശിക പരിസ്ഥിതിയും ദുർഘടമായ ഭൂപ്രദേശവും നന്നായി പരിചയമുള്ള സ്വന്തം സുരക്ഷാസേനയെ പരമാവധി വിന്യസിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് നേപ്പാൾ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് നിലപാട് മാറ്റുകയും വിദേശ സഹായം സ്വീകരിക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ അതീവ സങ്കീർണമായ രക്ഷാപ്രവർത്തനങ്ങൾക്ക് പ്രത്യേക സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ സാഹചര്യങ്ങളിൽ അന്താരാഷ്ട്ര സഹായം സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ പറഞ്ഞു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ സംഘം നേപ്പാളിൽ എത്തിയത്.

പ്രളയബാധിത മേഖലകളിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി 42 ബെയ്ലി പാലങ്ങൾ നിർമിക്കാൻ ഇന്ത്യയുടെയും ചൈനയുടെയും സഹായം നേപ്പാൾ തേടിയിട്ടുണ്ട്. കനത്ത യന്ത്രസാമഗ്രികളോ പ്രത്യേക ഉപകരണങ്ങളോ ഇല്ലാതെ വേഗത്തിൽ കൂട്ടിച്ചേർക്കാൻ കഴിയുന്ന തരത്തിലാണ് പോർട്ടബിൾ ബെയ്ലി പാലങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com