

പ്രളയം; നേപ്പാളിന് 68.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ നൽകി ഇന്ത്യ
കാഠ്മണ്ഡു: പ്രളയബാധിത നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യയുടെ ഇടപെടൽ. ഇതുവരെ 68.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചതായും തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്ക് സാങ്കേതിക സംഘങ്ങളെയും ഫോറൻസിക് വിദഗ്ധരെയും ഉപകരണങ്ങളെയും അയച്ചതായും ഇന്ത്യൻ എംബസി അറിയിച്ചു.
11 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യയിൽ നിന്നുള്ള നാലാമത്തെ വിമാനം ഞായറാഴ്ച നേപ്പാളിലെത്തി. തുരങ്കങ്ങളിലെ തെരച്ചിൽ-രക്ഷാപ്രവർത്തനത്തിനുള്ള സാങ്കേതിക സംഘം, ഉപകരണങ്ങൾ, ഡിഎൻഎ പരിശോധനയ്ക്കുള്ള ഫോറൻസിക് വിദഗ്ധർ എന്നിവർക്കൊപ്പം പുതപ്പുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിൻ, പ്ലാസ്റ്റിക് ഷീറ്റുകൾ, ശുചിത്വ കിറ്റുകൾ തുടങ്ങിയവയും ഉൾപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഡോക്റ്റർമാർ, പാരാമെഡിക്കൽ ജീവനക്കാർ, തുരങ്ക എൻജിനീയർമാർ എന്നിവരടങ്ങുന്ന 11 അംഗ ഇന്ത്യൻ സാങ്കേതിക സംഘം വെള്ളിയാഴ്ച കാഠ്മണ്ഡുവിലെത്തിയിരുന്നു. ശനിയാഴ്ച നുവാകോട്ട് ജില്ലയിലെ പ്രളയബാധിത ത്രിശൂലി മേഖലയിലെ ജലവൈദ്യുത തുരങ്കങ്ങളിൽ സംഘം പരിശോധന നടത്തി.
രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് ചിലിമെ, ലാങ്‌ടാങ് മേഖലകളിൽ സംഘം വ്യോമനിരീക്ഷണവും നടത്തി. ദുരന്തത്തെ തുടർന്ന് ഡിഎൻഎ പരിശോധന, ഫോറൻസിക് പ്രവർത്തനങ്ങൾ എന്നിവയ്ക്കും മറ്റ് പ്രത്യേക ദൗത്യങ്ങൾക്കുമായി നേപ്പാൾ വിദേശ സഹായം തേടിയിരുന്നു.
230 അടി നീളമുള്ള ഒറ്റവരി മോഡുലാർ സ്റ്റീൽ പാലം സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങളുമായി 16 ട്രക്കുകളും നേപ്പാളിലെത്തിയതായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഏഴ് ബെയ്ലി പാലങ്ങൾ കൂടി സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ ഉടൻ എത്തിക്കുമെന്നും അവ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക സംഘങ്ങൾ ഉടൻ നേപ്പാളിലെത്തുമെന്നും എംബസി വ്യക്തമാക്കി. പ്രളയബാധിത മേഖലകളിലെ ഗതാഗത ബന്ധം പുനഃസ്ഥാപിക്കുന്നതിനായി 42 ബെയ്ലി പാലങ്ങൾ നിർമിക്കാൻ നേപ്പാൾ ഇന്ത്യയോടും ചൈനയോടും സഹായം തേടിയിരുന്നു.
രാജ്യത്തെ വിവിധ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ നിന്ന് ഇതുവരെ 191 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി നേപ്പാൾ സൈന്യം അറിയിച്ചു. എന്നാൽ കൂടുതൽ പേർ തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നേപ്പാൾ ഇന്ത്യയുടെ സഹായം തേടിയത്. നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപമുള്ള റാസുവ ജില്ലയിൽ അപ്പർ ത്രിശൂലി-1, ത്രിശൂലി-3എ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട തുരങ്കങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. തുരങ്ക പ്രവേശന കവാടങ്ങളിൽ ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയതും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായിട്ടുണ്ട്.
ബുധനാഴ്ച ഭോട്ടെകോശി, ത്രിശൂലി നദീതടങ്ങളിലൂടെ കുത്തിയൊഴുകിയ പ്രളയത്തിൽ നൂറുകണക്കിന് പേർ മരിക്കുകയും റോഡുകൾ, പാലങ്ങൾ, ജനവാസ കേന്ദ്രങ്ങൾ, ജലവൈദ്യുത അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടമുണ്ടാകുകയും ചെയ്തു.