

കത്തി നിൽക്കുന്ന ഇറാൻ സംഘർഷത്തിനിടെ അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ
അമേരിക്കന്‍ ഇടപെടലുകളെ അപലപിച്ചു കൊണ്ടുള്ള പ്രമേയവുമായി ഇറാന്‍
ന്യൂഡൽഹി: ഇറാൻ-അമെരിക്ക സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ബ്രിക്സ് രാഷ്ട്രങ്ങളിലെ വിദേശമന്ത്രിമാരുടെ യോഗം ന്യൂഡൽഹിയിൽ. ഈ കൂട്ടായ്മയുടെ നിലനിൽപ് പോലും പ്രതിസന്ധിയിലാകുമോ എന്ന ചോദ്യം ഉയരുന്നതരത്തിൽ മുമ്പെങ്ങുമില്ലാത്ത സംഘർഷഭരിതമായ സാഹചര്യത്തിലാണ് ഇന്ത്യയുടെ തലസ്ഥാനത്ത് യോഗം ചേരുന്നത്.
ബ്രിക്സ് കൂട്ടായ്മ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണത്തെയാണ് നേരിടുന്നത്. അംഗരാജ്യങ്ങൾക്കിടയിലെ വൈരുദ്ധ്യങ്ങൾക്കിടയിൽ ഒരു പക്ഷം ചേരാൻ നിർബന്ധിതമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. സാമ്പത്തിക കൂട്ടായ്മ എന്ന നിലയിൽ നിന്ന് രാഷ്ട്രീയ ശക്തിയായി മാറാനുള്ള ബ്രിക്സിന്‍റെ ശ്രമങ്ങൾക്ക് ഈ അന്താരാഷ്ട്ര പ്രതിസന്ധി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ബ്രിക്സ് രാഷ്ട്രങ്ങളിലെ വിദേശമന്ത്രിമാരുടെ യോഗം ന്യൂഡൽഹിയിൽ.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്ക് പുറമേ പുതുതായി അംഗത്വം ലഭിച്ച ഇറാൻ, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ഗൾഫ് മേഖലയിലെ ഇസ്രയേൽ-അമെരിക്കൻ ഇടപെടലുകളെ അപലപിച്ചു കൊണ്ടുള്ള സംയുക്ത പ്രസ്താവന ബ്രിക്സ് രാജ്യങ്ങളിൽ നിന്നു നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ന്യൂഡൽഹിയിൽ എത്തിയിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങൾ നയിക്കുന്ന വ്യവസ്ഥിതികൾക്ക് ബദലായി ബ്രിക്സിനെ മാറ്റാനാണ് ഇതിലൂടെ ഇറാന്‍റെ ശ്രമം. അരാഗ്ചി ഈ വിഷയം ബ്രിക്സ് യോഗത്തിൽ ശക്തമായി ഉന്നയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
എങ്കിലും, യുഎഇ പോലുള്ള മറ്റ് അംഗരാജ്യങ്ങളുടെ സാന്നിധ്യം ഈ വിഷയത്തിൽ ഒരു പൊതു സമ്മത പ്രസ്താവന ഇറക്കുന്നത് പ്രയാസകരമാക്കുന്നു. പടിഞ്ഞാറൻ രാജ്യങ്ങളുമായി യുഎഇ പുലർത്തുന്ന തന്ത്രപരമായ ബന്ധം ഇതിനു തടസമാണ്. 2026 ൽ ബ്രിക്സിന്‍റെ അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വിരുദ്ധ ധ്രുവങ്ങളെ ഏകോപിപ്പിക്കുക എന്നത് വലിയ നയതന്ത്ര വെല്ലുവിളിയാണ്.
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് നേരിട്ട് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പാശ്ചാത്യ ഉപരോധങ്ങൾ നേരിടുന്ന റഷ്യയ്ക്ക്, തങ്ങളുടെ ഒറ്റപ്പെടൽ ഒഴിവാക്കാൻ ബ്രിക്സിനെ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി യോഗത്തിൽ നിന്നു വിട്ടു നിൽക്കുകയാണ്. ഇറാൻ വിഷയത്തിൽ ചൈന പാലിക്കുന്ന സന്തുലിത നിലപാട് ഇതിലൂടെ വ്യക്തമാകുന്നു.