

ജാവലിൻ മിസൈൽ.
file photo
വാഷിങ്ടൺ: അതിനൂതനമായ ടാങ്ക് വേധ മിസൈലുകൾ ഉൾപ്പടെ, ഇന്ത്യയ്ക്ക് നൽകാനുള്ള 2.3 കോടി ഡോളറിന്‍റെ ആയുധക്കരാറിന് അമെരിക്ക അംഗീകാരം നൽകി. ഈ കരാറിന്‍റെ ഭാഗമായാി 100എഫ്ജിഎം 148 ജാവലിൻ മിസൈലുകൾ, 25 കമാൻഡ് ലോഞ്ച് യൂണിറ്റുകൾ, 216 എക്സ് കാലിബർ ആർട്ടിലറി റൗണ്ടുകൾ എന്നിവയും നൽകും. കരാർ സംബന്ധിച്ച് അമെരിക്കൻ ഡിഫൻസ് സെക്യൂരിറ്റി കോർപറേഷൻ ഏജൻസി(ഡിഎസ് സിഎ) ഔദ്യോഗികമായി യുഎസ് കോൺഗ്രസിന് അറിയിപ്പും നൽകി.
കരാർ പ്രകാരം ഈ ഉപകരണങ്ങളുടെ സുരക്ഷാ പരിശോധനകൾ, ഓപ്പറേറ്റർ പരിശീലനം, ലോഞ്ച് യൂണിറ്റുകൾക്കുള്ള നവീകരണ സൗകര്യങ്ങൾ തുടങ്ങിയവയും ഉൾപ്പെടുന്നു. നിർദ്ദിഷ്ട ആയുധക്കരാർ യുഎസ്-ഇന്ത്യ വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളെ നേരിടാനുള്ള ഇന്ത്യയുടെ കഴിവ് വർധിപ്പിക്കുമെന്നും ഡിഎസ് സിഎ വ്യക്തമാക്കി. എതിരാളികളുടെ കവചിത വാഹനങ്ങളെ വളരെ ദൂരത്തിലെത്തി കൃത്യതയോടെ ആക്രമിക്കാൻ കഴിയുന്നവയാണ് ജാവലിൻ മിസൈലുകൾ.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ജാവലിൻ മിസൈലുകളുടെ കൃത്യത വ്യക്തമായതാണ്. യുക്രെയ്ൻ സേന ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. സൈനികർക്ക് തങ്ങളുടെ തോളിൽ വച്ച് ഈ മിസൈൽ എതിരാളികൾക്കു മേൽ തൊടുക്കാൻ സാധിക്കും. മൂന്നാം തലമുറ, ടോപ്പ്-അറ്റാക്ക് സംവിധാനമാണ് ജാവലിൻ മിസൈൽ.