

ഹിറ്റ്ലർ മുതൽ ട്രംപ് വരെ
Ben Ulansey in Dream app
റീന വർഗീസ് കണ്ണിമല
ഡിഎൽഡി അഥവാ ഡേഞ്ചറസ് ലീഡർ ഡിസോർഡർ, പ്രശസ്ത മന:ശാസ്ത്രജ്ഞനായ ജോൺ.ഡി. മേയറാണ് ഈ മാനസിക രോഗത്തെ വിവേചിച്ച് അറിഞ്ഞതും ഇത്രയധികം ജനങ്ങളിലേയ്ക്ക് എത്തിച്ചതും. ഈ മാനസിക രോഗം ബാധിച്ചവരുടെ നേതൃത്വത്തിനു കീഴിലാകുക എന്നത് മരണതുല്യമാണ്. അത് കുടുംബത്തിലായാലും സ്ഥാപനങ്ങളിലായാലും. അപ്പോൾപ്പിന്നെ രാഷ്ട്രത്തലവന്മാർ ഇത്തരത്തിൽ ഒരു മാനസിക രോഗത്തിന് അടിപ്പെട്ടവരാണെങ്കിൽ ലോകജനതയുടെ ഗതി പറയേണ്ടതുണ്ടോ?
ജനങ്ങളുടെ കഷ്ടപ്പാടുകളോടുള്ള നിസംഗത, തങ്ങൾക്കെതിരെയുള്ള വിമർശനത്തോടുള്ള അസഹിഷ്ണുത, ഗാംഭീര്യം എന്നിവയാണ് ഈ രോഗത്തിന്‍റെ മുഖ്യ സവിശേഷതകൾ. ഹിറ്റ്ലർ, സ്റ്റാലിൻ, സദ്ദാം ഹുസൈൻ എന്നീ രാഷ്ട്ര നേതാക്കൾ കൂടിയായ അതിക്രൂര നേതാക്കളിൽ ഈ ലക്ഷണങ്ങൾ സമൂർത്തമായ അവസ്ഥയിൽ കണ്ടിരുന്നു എന്ന് പറയുന്നു ഡോ. ജോൺ.ഡി. മേയർ.
പൊതുജന ക്ഷേമത്തിനാണ് താൻ നില കൊള്ളുന്നത് എന്ന് ജനങ്ങളെ ധരിപ്പിക്കുന്ന ഡിഎൽഡി ഡിസോർഡറുള്ള നേതാവ് തന്നെ വിശ്വസിച്ചു വിജയിപ്പിച്ച ജനത്തെ വിഡ്ഢികളാക്കി തികഞ്ഞ കൃത്രിമത്വത്തിലൂടെയും മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങളിലൂടെയും തികഞ്ഞ നാർസിസത്തിലൂടെയും പിന്നീട് സമൂഹത്തെ കൂടുതൽ അപകടകരമായ അവസ്ഥയിലേയ്ക്കു നയിക്കും എന്ന് ഡോ. മേയർ അടിവരയിട്ടു പറയുന്നു. പൊതുജന ക്ഷേമത്തെക്കാൾ വ്യക്തിപരമായ അധികാരത്തിനു മുൻ ഗണന നൽകുന്നതിലൂടെ ഡിഎൽഡി ഡിസോർഡർ രോഗി തന്‍റെ ഭരണത്തിൻ കീഴിലുള്ള സമൂഹത്തിന് കാര്യമായ ഭീഷണി ഉയർത്തുന്നു എന്നും അദ്ദേഹം ഊന്നിപ്പറയുന്നു.
ഡിഎൽഡി ഡിസോർഡറിന്‍റെ ഈ പ്രധാന സവിശേഷതകളെല്ലാം ഒത്തിണങ്ങിയ ഒരു അന്താരാഷ്ട്ര രോഗിയാണ് ഇപ്പോൾ ലോകത്തിനു ഭീഷണിയായ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സ്വന്തം ജനതയോടു പോലും യാതൊരു സഹാനുഭൂതിയും ട്രംപിന് ഇല്ല എന്നതിനു തെളിവാണ് ഇപ്പോൾ അമെരിക്കയിലെ റിപ്പബ്ലിക്കൻ നേതാക്കന്മാരടക്കം ട്രംപിനെതിരെ ശക്തമായി പ്രതികരിക്കുന്നത്.
തന്നോളം പ്രാധാന്യം മറ്റാർക്കുമില്ലെന്നാണ് ലോക പൊലീസ് തലവന്‍റെ ഭ്രാന്തൻ ഉട്ടോപ്യൻ ചിന്ത. എന്നാൽ ഡേഞ്ചറസ് ലീഡർ ഡിസോർഡർ ഗുരുതരമാം വിധം കാർന്നു തിന്നുന്ന മനോരോഗമാണ് തന്നെക്കൊണ്ട് ഇത്തരം ഭ്രാന്തൻ നയങ്ങൾ എടുപ്പിക്കുന്നത് എന്ന് ഈ പാവം മനോരോഗിക്ക് ഇതുവരെ മനസിലായിട്ടില്ല. അതു പറഞ്ഞു നൽകിയ അമെരിക്കയിലെ മന:ശാസ്ത്ര വിദഗ്ധ പാനലിനെ ഈ നാർസിസ്റ്റ് ഡിഎൽഡി രോഗി അംഗീകരിക്കുകയോ ചികിത്സിക്കാൻ തയാറാകുകയോ ചെയ്തിട്ടുമില്ല.
ലോകത്തെ മൂന്നാം ലോക മഹായുദ്ധത്തിലേയ്ക്കു തള്ളി വിടാനുള്ള പേ പിടിച്ച ഓട്ടത്തിലാണ് അമെരിക്കയുടെ സ്വന്തം ഡേഞ്ചറസ് ലീഡർ!
നാർസിസം എന്ന രോഗാവസ്ഥ ഉച്ചസ്ഥായിയിലായ ട്രംപ് പരിധിയില്ലാത്ത അധികാരത്തിന്‍റെ ഫാന്‍റസികളിലാണ് ഇപ്പോൾ. അതിന്‍റെ പ്രതിഫലനമാണ് വെനിസ്വേലയുടെ രാഷ്ട്രത്തലവനെയും ഭാര്യയെയുമടക്കം കിടപ്പറയിൽ കടന്നു കയറി തട്ടിക്കൊണ്ടു പോയതും ക്യാനഡയെയും ഗ്രീൻലാന്‍ഡിനെയുമെല്ലാം വിലയ്ക്ക് വാങ്ങുമെന്ന് ആവർത്തിക്കുന്നതും കൊളംബിയയും ക്യൂബയും സ്വന്തമാക്കാൻ മോഹിച്ച് ഭീഷണിപ്പെടുത്തുന്നതും ഏതും പോരാത്തിന് ലോകത്തെ നാലാം ശക്തിയായി കുതിച്ചുയർന്ന, അമെരിക്കൻ വിമാനങ്ങളെ പോലും തച്ചുടച്ച് റഷ്യയുമായി ചേർന്ന് ബ്രഹ്മോസ് പോലുള്ള വൻ വിജയക്കുതിപ്പുകൾ നടത്തി വളർന്നുയർന്ന ആണവശക്തിയായ ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നതും.
അടുത്ത കാലത്ത് ഇന്ത്യ പിടി കൂടിയ അമെരിക്കൻ സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥരിൽ ഒരാൾ ബംഗ്ലാദേശിൽ കൊല്ലപ്പെടുകയും മറ്റൊരാൾ ഒഡീഷയിൽ പിടിയിലാകുകയും ചെയ്തു. തുടർന്ന് അഞ്ചിലധികം അമെരിക്കൻ സൈനികോദ്യോഗസ്ഥരെ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം പിടികൂടുകയും ചെയ്തതായി വാർത്തകൾ വന്നിരുന്നു.
എല്ലാം കൂട്ടി വച്ചു വായിക്കുമ്പോൾ മഡുറോയ്ക്കു മുമ്പേ ഇന്ത്യൻ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടു പോകാൻ ട്രംപ് പ്ലാനിട്ടിരുന്നു എന്നു വേണം കരുതാൻ.
പക്ഷേ, വെനിസ്വേലയല്ലല്ലോ ഭാരതം. അതു നമ്മുടെ ഡിഎൽഡി രോഗിക്ക് ഇതു വരെ മനസിലായിട്ടില്ല. മനസിലാകുകയുമില്ല. കാരണം ആരോഗ്യകരമായ ഒരു മനസ് അദ്ദേഹത്തിനില്ല. ആരോഗ്യകരമായ ഒരു മനസിൽ നിന്നേ ആരോഗ്യകരമായ വിചിന്തനങ്ങൾ ഉണ്ടാകൂ. നിലവിൽ അമെരിക്ക ഒരു ഭ്രാന്തന്‍റെ കയ്യിലാണ്.
ഗ്രീൻലാൻഡിന്‍റെ പുറകെയും കൊളംബിയയുടെ പുറകേയും ഇന്ത്യയുടെ പുറകേയുമൊക്കെ നടക്കുന്ന ട്രംപിനെ ഇടയ്ക്കിടെ തന്‍റെ ആണവായുധ ശേഷി കാട്ടി ഭയപ്പെടുത്തുന്ന മറ്റൊരു വിരുതൻ കൂടിയുണ്ട്-ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ.തന്‍റെ സുഹൃത്തു കൂടിയായ നിക്കൊളാസ് മഡുറോയെ അമെരിക്ക അറസ്റ്റ് ചെയ്തതിനെതിരെ ശക്തമായ പ്രതികരണമാണ് കിം നടത്തിയത്.
അമെരിക്കയുടെ നടപടി പരമാധികാര ലംഘനമാണെന്നു പ്രഖ്യാപിച്ച ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചാണ് തങ്ങളുടെ സൈനിക ശക്തി പ്രകടിപ്പിച്ചത്.ട്രംപിന്‍റെ ഈദൃശ പ്രവർത്തനങ്ങൾ ഡിഎൽഡി ഡിസോർഡർ ഉള്ള മനോരോഗി പ്രകടിപ്പിക്കുന്ന സ്വേച്ഛാധിപത്യ പ്രവണതകളുടെ ഭാഗമായ അധികാര കേന്ദ്രീകരണം, ചോദ്യം ചെയ്യപ്പെടാത്ത അനുസരണം ആവശ്യപ്പെടൽ എന്നിവയാണ് പ്രകടിപ്പിക്കുന്നത്.