

ഗാദി ഐസൻകോട്ട്, ബെഞ്ചമിൻ നെതന്യാഹു
ടെൽ അവീവ്: ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയെ ചർച്ചയ്ക്ക് ക്ഷണിച്ച് ഗാദി ഐസൻകോട്ട്. ഐസൻകോട്ടിന്റെ യാഷർ പാർട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച മുതൽ ചർച്ചകൾ ആരംഭിക്കുമെന്നും സാധ്യമായ ഏറ്റവും വിപുലമായ സർക്കാർ രൂപീകരിക്കാനുള്ള ആത്മാർഥമായ ശ്രമത്തിന്റെ ഭാഗമായാണ് നീക്കമെന്നും പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി.
ഒക്റ്റോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ സർക്കാർ രൂപീകരിക്കാനുള്ള ചുമതല മുൻ സൈനിക മേധാവി കൂടിയായ ഐസൻകോട്ടിന് ലഭിച്ചത്. അടുത്ത മാസം വരെയാണ് സർക്കാർ രൂപീകരിക്കാൻ അദ്ദേഹത്തിന് സമയമുള്ളത്. തീവ്ര ഓർത്തഡോക്സ് വിഭാഗത്തിന്റെ പാർട്ടികളുമായോ അറബ് ഭൂരിപക്ഷ പാർട്ടികളുമായോ സഖ്യമുണ്ടാക്കണമെന്ന കാര്യത്തിൽ ഐസൻകോട്ടിന്റെ മുന്നണിയിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. നെതന്യാഹുവിന്റെ മുന്നണിയുമായി ദേശീയ ഐക്യസർക്കാർ രൂപീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അതേസമയം, ഐസൻകോട്ടിന്റെ മുന്നണിയിലെ പ്രധാന നേതാവായ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, ഐസൻകോട്ടിന്റെ നേതൃത്വത്തിൽ ഐക്യസർക്കാർ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നെതന്യാഹുവിനൊപ്പമോ അദ്ദേഹത്തിന്റെ മുന്നണിയിലോ ചേരില്ലെന്നും ബെന്നറ്റ് വ്യക്തമാക്കി.
ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ ഐക്യസർക്കാർ ആവശ്യമാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്. എന്നാൽ, നെതന്യാഹു നേതൃത്വം നൽകുന്ന സർക്കാരിൽ പങ്കാളിയാകില്ലെന്ന് ഐസൻകോട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. നെതന്യാഹുവിനെതിരായ വ്യക്തിപരമായ വിമർശനങ്ങളും രാഷ്ട്രീയ ബഹിഷ്കരണവും അവസാനിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ലിക്കുഡ് പാർട്ടി മുന്നോട്ടുവച്ചിരിക്കുന്നത്. അറബ് പാർട്ടികൾ ഉൾപ്പെടാത്ത ഐക്യസർക്കാർ വേണമെന്നും ലിക്കുഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
വിപുലമായ സഖ്യസർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടാൽ ന്യൂനപക്ഷ ദേശീയ അടിയന്തര സർക്കാരിന്റെ സാധ്യതയും ഐസൻകോട്ട് മുന്നോട്ടുവച്ചിട്ടുണ്ട്.
ഒക്റ്റോബർ 27ന് നടന്ന തെരഞ്ഞെടുപ്പിൽ 120 അംഗ ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ ഒരു മുന്നണിക്കും ലഭിച്ചിരുന്നില്ല. ഇതോടെയാണ് സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായത്.