
ഇസ്ലാമാബാദ്: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ 14 വർഷം തടവിന് ശിക്ഷിച്ച് കോടതി. അൽ ഖാദിർ ട്രസ്റ്റ് ഭൂമി കേസിലാണ് അഴിമതി വിരുദ്ധ കോടതി ശിക്ഷ വിധിച്ചത്. ഇമ്രാൻ ഖാനൊപ്പം ഭാര‍്യ ബുഷ്റ ബീബിക്കും ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. വിവിധ കാരണങ്ങളാൽ 3 തവണ മാറ്റിവച്ച വിധിയാണ് വെള്ളിയാഴ്ച പ്രഖ‍്യാപിച്ചത്.
2023 ഡിസംബറിലാണ് ഇമ്രാൻ ഖാനും ഭാര‍്യയും ഉൾപ്പെടെ എട്ട് പേർക്കെതിരേ ദേശീയ അക്കൗണ്ടബിലിറ്റി ബ‍്യൂറോ 1554 കോടി രൂപയുടെ അഴിമതി കേസ് രജിസ്റ്റർ ചെയ്തത്. റിയൽ എസ്‌റ്റേറ്റ് വ‍്യവസായിയുമായുള്ള ഒത്തു തീർപ്പിന്‍റെ ഭാഗമായി യുകെയിലെ നാഷണൽ ക്രൈം ഏജൻസി പാക്കിസ്ഥാനിലേക്ക് തിരിച്ചയച്ച 1554 കോടി രൂപ ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. അഴിമതി കേസിൽപ്പെട്ട് നിലവിൽ ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. ഇതിനിടെയാണ് പുതിയ അഴിമതി കേസിൽ തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്.