
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ അധ്യക്ഷനുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിൽവച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. സംഘർഷ സാധ്യതയെ മുൻ നിർത്തി ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തൊഷഖാന അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പല തവണ കോടതിയിൽ ഹാജരാകാനായി നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.
നിരവധി തവണ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടർന്ന് സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ നിരവധി കേസുകൾ ഇമ്രാൻ ഖാനെതിരെ രജിസ്റ്റർ ചെയ്തിരുന്നു.
തോഷഖാന അഴിമതി കേസ്...
വിദേശത്തു നിന്നും പ്രധാനമന്ത്രിക്കു ലഭിക്കുന്ന സമ്മാനങ്ങളിൽ നിശ്ചിത തുകയ്ക്ക് താഴെയുള്ള സമ്മാനങ്ങൾ അവർക്ക് കൈപ്പറ്റാം. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് പോവും. ആവശ്യമെങ്കിൽ വസ്തുവിന്‍റെ പകുതി തുക നൽകി പ്രധാനമന്ത്രിമാർക്ക് അത് കൈപറ്റാനുള്ള അധികാരമുണ്ട്. എന്നാൽ പ്രധാനമന്ത്രിയായിരിക്കെ ഇമ്രാൻ ഖാൻ വസ്തുക്കളുടെ 20 ശതമാനം മാത്രം നൽകി നിരവധി വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങുകയും മറിച്ചു വിൽക്കുകയും ചെയ്തു. 14 കോടി പാക് രൂപ വിലവരുന്ന ( ഇന്ത്യൻ തുക 5.25 കോടി) വാച്ച് അടക്കമുള്ള വസ്തുക്കൾ കുറഞ്ഞ തുകയ്ക്ക് സർക്കാരിൽ നിന്ന് വാങ്ങുകയും ഇരട്ടി വിലയ്ക്ക് വിപണിയിൽ വിൽക്കുകയും ചെയ്തതായാണ് കേസ്.