ഇസ്രായേലിലെ രാമത് ഗാനിൽ, അബ്രഹാം ഉടമ്പടികൾ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്, കോയലിഷൻ ഫോർ റീജിയണൽ സെക്യൂരിറ്റി സ്പോൺസർ ചെയ്ത ഒരു ബിൽബോർഡിന് മുകളിലൂടെ ആളുകൾ നടക്കുന്നു
REUTERS/Violeta Santos Moura
ആവിയായി പോയ "അബ്രഹാം അക്കോർഡ് സ്"
റീന വർഗീസ് കണ്ണിമല
സമാധാനത്തിന്‍റെ ദൂതുമായി അബ്രഹാം അക്കോർഡ്സ് രൂപം കൊണ്ടത് 2020ലായിരുന്നു. അമെരിക്കയുടെ മധ്യസ്ഥതയിലുള്ള മധ്യപൂർവ ദേശത്തെ ഒരു വഴിത്തിരിവായി വിശേഷിപ്പിച്ച സാധാരണവത്കരണ കരാറുകളായിരുന്നു അത്. എന്നാൽ അത് ഒപ്പു വച്ചതിന് അഞ്ചു വർഷങ്ങൾക്കിപ്പുറം അബ്രഹാം അക്കോർഡ്സ് കേവലം കടലാസ് തോണിയായി യുദ്ധപ്പെരുമഴയിൽ ഒഴുകിപ്പോയതാണ് ലോകം കണ്ടത്.
2023 ഓഗസ്റ്റിൽ ഇസ്രയേലിന്‍റെ അന്നത്തെ ഊർജ മന്ത്രി ഇസ്രായേൽ കാറ്റ്സ് അബുദാബിയിലെ അബ്രഹാമിക് ഫാമിലി ഹൗസ് സന്ദർശിച്ചു. 2020ലെ അബ്രഹാം അക്കോർഡ്സ് ഉടമ്പടിക്കു ശേഷമുള്ള ഇസ്രയേൽ-അറബ് ബന്ധങ്ങളെ ഇത് ഊഷ്മളമാക്കി. എന്നാൽ കേവലം രണ്ടു മാസത്തിനു ശേഷം ഒക്റ്റോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയ മനുഷ്യക്കുരുതിയെ തുടർന്ന് ഇസ്രയേലിന്‍റെ കടുത്ത തിരിച്ചടിയിൽ ഗാസ വെന്തുരുകുന്നതാണ് ഇന്നു വരെ ലോകം കണ്ടു കൊണ്ടിരിക്കുന്നത്. ഇത് അബ്രഹാം അക്കോർഡ്സ് ഉടമ്പടിയുടെ ലംഘനമായി അറബ് രാജ്യങ്ങൾ കരുതിയതിനാൽ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചു.
കൂടാതെ യുഎസ് പിന്തുണയുള്ള സാധാരണവത്കരണ കരാറിന് മുദ്രവയ്ക്കാൻ തയാറായിരുന്ന സൗദി അറേബ്യ ഇപ്പോൾ ഇസ്രയേലിനെ നിരന്തരം അപലപിക്കുകയും അവർ ഗാസയിൽ വംശഹത്യ നടത്തുന്നതായി ആരോപിക്കുകയുമാണ്. ഇസ്രയേലിന്‍റെ കടുത്ത സൈനിക നടപടികളും പ്രാദേശിക ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളും സൗദി അറേബ്യയുമായുള്ള സാധാരണവത്കരണത്തെ സ്തംഭിപ്പിച്ചു.അബ്രഹാം അക്കോർഡ്സിൽ ഉൾപ്പെടുത്തിയിട്ടുള്ള യുഎഇ, ഈജിപ്ത്, ജോർദാൻ എന്നിവയുമായുള്ള നിലവിലുള്ള കരാറുകളെ കുറിച്ച് സംശയം ജനിപ്പിക്കുന്നതിനും ഇസ്രയേലിന്‍റെ സൈനിക നടപടികൾ ഇടയാക്കി എന്നും വിമർശനങ്ങളുണ്ട്.
ഈ യുദ്ധത്തിൽ ഭീകരരെ ഉന്മൂലനം ചെയ്യാത്ത പക്ഷം ഇനി ഇസ്രയേൽ ഉണ്ടാകില്ല എന്ന തിരിച്ചറിവാണ് നെതന്യാഹുവിനെ കൂടുതൽ ആക്രമോത്സുകമായ പ്രാദേശിക നിലപാടുകളിലേയ്ക്ക് നയിച്ചത്. കഴിഞ്ഞ ഒരു വർഷമായി അവർ ലെബനൻ, സിറിയ, ഇറാൻ, ഖത്തർ എന്നിവിടങ്ങളിലേയ്ക്ക് ആക്രമണം വ്യാപിപ്പിച്ചു. ഇതിൽ തന്നെ ദോഹയിൽ ഹമാസ് ഭീകര നേതാക്കൾക്കെതിരെ നടത്തിയ അഭൂത പൂർവമായ വ്യോമാക്രമണം നടത്തിയത് ഗൾഫ് രാജ്യങ്ങളുടെ അടിയന്തര യോഗങ്ങൾക്ക് കാരണമായി.
നെതന്യാഹുവിന്‍റെ ഗ്രേറ്റർ ഇസ്രയേൽ അഭിലാഷങ്ങൾ പ്രാദേശിക രാജ്യങ്ങളെ നേരിട്ട് ഭീഷണിപ്പെടുത്തുന്നു എന്ന് തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ മുന്നറിയിപ്പു നൽകി. ഇസ്രയേലിന്‍റെ ഈ പ്രവർത്തനങ്ങൾ പുതിയ സമാധാന കരാറുകൾക്കുള്ള സാധ്യത പോലും ഇല്ലാതാക്കുമെന്നും നിലവിലുള്ളവയെ അപകടത്തിലാക്കുമെന്നും ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ലുൾ-ഫത്താഹ്-എൽ-സിസി പറഞ്ഞു.
പലസ്തീനികളെ സീനായിയിലേയ്ക്ക് തള്ളി വിട്ടാൽ 1979ലെ സമാധാന ഉടമ്പടി പുന: പരിശോധിക്കുമെന്ന് കെയ്റോ അറിയിച്ചു. ജോർദ്ദാൻ ആകട്ടെ ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്താൽ അത് തങ്ങളുടെ നിലനിൽപിന്‍റെ ഭീഷണിയായി കാണുന്നു. ദോഹയിൽ നടന്ന 57 അറബ് ,മുസ്ലീം രാജ്യങ്ങളുടെ ഉച്ചകോടി ഇസ്രയേലിനെതിരെ ഉപരോധങ്ങൾക്കും ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനും ആവശ്യപ്പെട്ടു.
ഇസ്രയേലിന്‍റെ സൈനിക നടപടികൾ സ്വയം പ്രതിരോധത്തിന്‍റെ വിശ്വസനീയമായ വാദങ്ങൾക്കപ്പുറത്തേയ്ക്ക് ഇസ്രയേലിന്‍റെ സൈനിക നടപടികൾ നീങ്ങുന്നതായും അത് അറബ് രാജ്യങ്ങളെ കൂടുതൽ കടുത്ത ശിക്ഷാ നടപടികൾക്ക് നിർബന്ധിതരാക്കുമെന്നുമാണ് ജോർദ്ദാന്‍റെ മുൻ വിദേശകാര്യമന്ത്രി മർവാൻ മു ആഷർ വാദിച്ചത്.
ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ ഇത്ര മാത്രം അരയും തലയും മുറുക്കി കച്ച കെട്ടി ഇറങ്ങിയിട്ടും യുഎസ്-ഇസ്രയേൽ ഉദ്യോഗസ്ഥർ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പരസ്പരം ഇടപഴകുന്നത്. ദോഹ വ്യോമാക്രമണം ട്രംപിന് സമാധാന വലയം വികസിപ്പിക്കാനുള്ള അവസരമെന്നാണ് യുഎസ് ഇപ്പോഴും കരുതുന്നത്.
വ്യാപാരം, നിക്ഷേപം, പ്രാദേശിക സംയോജനം എന്നിവയുടെ വിവരണം പ്രോത്സാഹിപ്പിക്കുന്നതിന് കരാറുകളിൽ ചേർന്ന യുഎഇയ്ക്ക് ആകട്ടെ ഇസ്രയേലിന്‍റെ നയങ്ങൾ ചുവപ്പു രേഖ യായി മാറുന്നു. അബ്രഹാം അക്കോർഡ്സ് കരാറുകൾ വലിയ സമ്മർദ്ദത്തിലാണെന്നും ഇസ്രയേലിന്‍റെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കൽ നയം വർഷങ്ങളുടെ പുരോഗതി ഇല്ലാതാക്കുന്ന "തന്ത്രപരമായ പിശക്' ആയിരിക്കുമെന്നുമാണ് ഒരു മുതിർന്ന എമിറാത്തി ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയത്.
കാര്യങ്ങൾ ഇത്രമാത്രം പ്രശ്ന കലുഷിതമാണെങ്കിലും ഗൾഫ് രാജ്യങ്ങൾക്ക് തങ്ങളുടെ സുരക്ഷയ്ക്ക് യുഎസ് നൽകുന്ന ഉറപ്പിന് അപ്പുറത്ത് മറ്റൊരു ബദലും കണ്ടെത്താനായിട്ടില്ല. ഇറാനുമായുള്ള പ്രായോഗിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാൻ അവർ ശ്രമിക്കുമ്പോൾ പോലും വാഷിങ്ടണിനെ ആശ്രയിക്കാതെ ഒന്നുമാവാത്ത അവസ്ഥയിലാണ് ഗൾഫ് രാജ്യങ്ങൾ.
ഫലത്തിൽ 2020ലെ അബ്രഹാം അക്കോർഡ്സ് വെറും കടലാസ് രേഖ മാത്രമായി മാറിയെന്നു സാരം.