ഇറാൻ എണ്ണ നീക്കം തടയും; പെട്രോൾ, ഡീസൽ വില കൂടാൻ സാധ്യത
ടെഹ്‌റാന്‍: ആണവ കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം നടത്തിയതിനെത്തുടർന്ന് എണ്ണക്കപ്പലുകളുടെ പ്രധാന അന്താരാഷ്‌ട്ര പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചു പൂട്ടാനൊരുങ്ങി ഇറാന്‍. ഇതിന് ഇറാന്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി.
ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളെ രൂക്ഷമായി ബാധിക്കുന്നതാണു തീരുമാനം. ആഗോള എണ്ണ വിതരണത്തിന്‍റെ 20-25 ശതമാനത്തിലധികം ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിച്ചാണു നീങ്ങുന്നത്. ദ്രവീകൃത പ്രകൃതി വാതകത്തിൽ 30 ശതമാനവും ഈ കടലിടുക്കിനനെ ആശ്രയിച്ചാണു വിതരണം ചെയ്യുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫിനെ അറേബ്യന്‍ കടലുമായും ഇന്ത്യന്‍ മഹാ സമുദ്രവുമായും ബന്ധിപ്പിക്കുന്ന പാതയാണ് ഹോര്‍മുസ് കടലിടുക്ക്.
ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് മൂന്ന് കിലോമീറ്റര്‍ വീതിയുള്ള ചാനലാണ് ഇറാനെ അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് വേര്‍തിരിക്കുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തര്‍, ഇറാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നു പോകുന്നത്.
പാത അടച്ചാൽ യുഎസും യൂറോപ്പും ഏഷ്യൻ രാജ്യങ്ങളും പ്രതിസന്ധിയിലാകും. എണ്ണ കയറ്റുമതി ചെയ്യുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ സമ്പദ് ഘടനയെയും ബാധിക്കും.
ഇന്ത്യയുടെ ആകെ അസംസ്കൃത എണ്ണ ഇറക്കുമതിയായ 55 ലക്ഷം ബാരലിൽ 20 ലക്ഷത്തോളം ഹോർമുസ് കടലിടുക്കിലൂടെയാണ് എത്തുന്നത്.