

നരേന്ദ്ര മോദി-ക്രിസ്റ്റഫർ ലക്സൺ
credit:X
ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പു വച്ചു. ഇന്ത്യ-ന്യൂസിലൻഡുമായി ഒപ്പു വയ്ക്കുന്ന മൂന്നാമത്തെ വ്യാപാര കരാറാണിത്. കരാറിന്‍റെ ഭാഗമായി ഇന്ത്യയ്ക്കു മേൽ ചുമത്തിയിരുന്ന പത്തു ശതമാനം അധിക തീരുവ പൂജ്യമാക്കി മാറ്റി ന്യൂസിലൻഡ്. കൂടാതെ വിദ്യാർഥി വിസകൾക്ക് ഇനി പരിധിയുണ്ടാകില്ല.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ വർധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരു രാജ്യങ്ങളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2025 മാർച്ചിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണിന്‍റെ ഇന്ത്യാ സന്ദർശന വേളയിലാണ് എഫ്ടിഎയ്ക്കുള്ള ചർച്ചകൾ ആരംഭിച്ചത്. വളരെ വേഗത്തിലാണ് കരാർ പൂർത്തിയാക്കാൻ സാധിച്ചത്.
കരാറിന്‍റെ അടിസ്ഥാനത്തിൽ, അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാകുമെന്ന് ഇരു രാജ്യങ്ങളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത 13 വർഷത്തിനുള്ളിൽ ന്യൂസിലൻഡ് ഇന്ത്യയിൽ 20 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുമെന്നുമാണ് പ്രതീക്ഷ.
പ്രതിരോധം, കായികം, വിദ്യാഭ്യാസം എന്നിവയുൾപ്പടെ ഉഭയകക്ഷി സഹകരണത്തിന്‍റെ മറ്റു മേഖലകളിലെ പുരോഗതിയെ ഇരു പക്ഷവും സ്വാഗതം ചെയ്യുകയും മൊത്തത്തിൽ ഉള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം.