

ഇന്ത്യയെ സമ്മർദ്ദത്തിലാക്കി വ്യാപാരക്കരാറിൽ ഒപ്പു വയ്പ്പിക്കാം എന്നു കരുതേണ്ടെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ.
getty images
ന്യൂഡൽഹി: ഇന്ത്യയെ സമ്മർദ്ദത്തിലാക്കി വ്യാപാരക്കരാറിൽ ഒപ്പു വയ്പ്പിക്കാം എന്നു കരുതേണ്ടെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. റഷ്യയിലെ രണ്ട് എണ്ണക്കമ്പനികൾക്ക് അമെരിക്ക ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ഇന്ത്യ എണ്ണ വാങ്ങൾ സംബന്ധിച്ച കാര്യത്തിൽ നിലപാട് ശക്തമാക്കിയത്.
എണ്ണക്കരാർ വിഷയത്തിൽ ഇന്ത്യ ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്നും ഗൺ പോയിന്‍റിൽ നിർത്തി വ്യാപാര കരാർ ഒപ്പു വയ്ക്കാനാകില്ലെന്നും പീയൂഷ് ഗോയൽ വ്യക്തമാക്കി. ജർമനിയിൽ ബെർലിൻ ഡയലോഗിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള ധാരണകൾ മാത്രമേ സാധ്യമാകൂ. ഇന്ത്യയും അമെരിക്കയും തമ്മിൽ വ്യാപാരക്കരാർ സംബന്ധിച്ചുള്ള ചർച്ച തുടരുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
അമെരിക്കയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും എന്നാൽ തിടുക്കത്തിലോ സമയപരിധി വച്ചോ കരാറുകളിൽ ഏർപ്പെടാറില്ലെന്നും ഗോയൽ വ്യക്തമാക്കി. ഉയർന്ന തീരുവയെ മറികടക്കാൻ ഇന്ത്യ പുതിയ വിപണികൾ കണ്ടെത്തുകയാണ്. കയറ്റുമതിക്കാർക്ക് ന്യായമായ കരാറുകൾ ഉറപ്പാക്കും. പുറമേ നിന്നുള്ള സമ്മർദ്ദങ്ങൾക്ക് അതീതമായി ദീർഘകാല താൽപര്യങ്ങൾക്കാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്ന് ഗോയൽ പറഞ്ഞു.