
ഇന്ത്യക്കാരനെ ഫ്രാൻസിലേയ്ക്ക് നാടുകടത്തി ബ്രിട്ടൻ
getty images
ലണ്ടൻ: ഇംഗ്ലീഷ് ചാനൽ വഴി അനധികൃതമായി ബ്രിട്ടനിലേയ്ക്ക് കുടിയേറാൻ ശ്രമിച്ച ഇന്ത്യക്കാരനെ ഫ്രാൻസിലേയ്ക്ക് നാടു കടത്തി ബ്രിട്ടൻ. ഇംഗ്ലീഷ് ചാനൽ കടന്ന് അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാരെ തടയുന്നതിനായി യുകെയും ഫ്രാൻസും ഒപ്പു വച്ച ഉടമ്പടി പ്രകാരമാണ് ഈ നാടുകടത്തൽ.അനധികൃത കുടിയേറ്റം തടയുന്നതിനുള്ള സുപ്രധാന ഘട്ടമാണിതെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു.
വൺ ഇൻ വൺ ഔട്ട് പദ്ധതി പ്രകാരം ഫ്രാൻസിൽ നിന്ന് ചെറു ബോട്ടുകളിൽ അനധികൃതമായി ഇംഗ്ലീഷ് ചാനൽ വഴിയെത്തുന്ന കുടിയേറ്റക്കാരെ തടങ്കലിൽ വയ്ക്കുകയും സുരക്ഷിത മാർഗങ്ങളിലൂടെയെത്തുന്ന അഭയാർഥികളെ യുകെ സ്വീകരിക്കുകയും ചെയ്യും. തുടർന്ന് അനധികൃത കുടിയേറ്റക്കാരനെ ഫ്രാൻസിലേയ്ക്കു തന്നെ തിരിച്ചയക്കും. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇന്ത്യക്കാരൻ യുകെയിൽ അനധികൃതമായി പ്രവേശിച്ചത്. ഇയാളെ യുകെയിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് പാരീസിലേയ്ക്ക് കൊണ്ടു പോയി ഫ്രാൻസിൽ എത്തിയ ശേഷം ഇന്ത്യയിലേയ്ക്ക് സ്വമേധയാ മടങ്ങാൻ അവസരം നൽകും. തയാറായില്ലെങ്കിൽ നിർബന്ധമായി നീക്കം ചെയ്യും.