മൂന്ന് രാജ്യങ്ങളിലെ മദ്യക്കുപ്പികളിൽനിന്ന് ഗാന്ധിജിക്ക് മോചനം

റഷ്യ, ഇസ്രയേൽ, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളിലാണ് ബിയർ കുപ്പികളിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കിയത്
Beer cans from Israel, Czech Republic, Russia with Mahatma gandhi pictures

മഹാത്മാ ഗാന്ധിയുടെ ചിത്രവുമായി പുറത്തിറങ്ങിയ ഇസ്രയേൽ, ചെക്ക് റിപ്പബ്ലിക്, റഷ്യ എന്നിവിടങ്ങളിലെ ബിയർ ക്യാനുകൾ.

Updated on

കോട്ടയം: ഗാന്ധിജിയുടെ ചിത്രം ബിയർ കുപ്പികളിൽ അച്ചടിച്ചത് ഒറ്റയാൾ പോരാട്ടത്തിലൂടെ പിൻവലിപ്പിച്ചത് മൂന്ന് രാജ്യങ്ങളിൽ. പാലായിലെ മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്‍റെ ഫലമായാണ് ഈ നടപടി. ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളായ റഷ്യ, ഇസ്രയേൽ, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളിലാണ് ഗാന്ധിജിയുടെ ചിത്രം ബിയർ കുപ്പികളിൽനിന്ന് ഒഴിവാക്കാൻ സാധിച്ചിരിക്കുന്നത്.

റഷ്യൻ ബിയർ നിർമാതാക്കളായ റിവോർട്ട് ബ്രൂവറിയാണ് ഏറ്റവും ഒടുവിൽ ബിയർ ക്യാനിൽനിന്നു ഗാന്ധിജിയുടെ ചിത്രം പിൻവലിച്ചുകൊണ്ടുള്ള അറിയിപ്പ് നൽകിയത്. ഗാന്ധിജിയുടെ ഒപ്പും ബിയർ ക്യാനിൽ നിന്ന് ഇവർ ഒഴിവാക്കി.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ, ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനിസ് അലിപ്പോവ് എന്നിവർക്കു പരാതികൾ അയയ്ക്കുകയായിരുന്നു എബി ജെ. ജോസ്. നടപടികൾക്കു കാലതാമസം നേരിട്ടതോടെ 5,001 പ്രതിഷേധ കാർഡുകൾ റഷ്യൻ എംബസിയിലേക്കയച്ചു. ഇതിനു പിന്നാലെ, ഗാന്ധിജിയുടെ ചിത്രം ബിയർ ക്യാനിൽ നിന്നൊഴിവാക്കിയെന്ന അറിയിപ്പും, സംഭവത്തിൽ ക്ഷമാപണവുമായി റിവോർട്ട് ബ്രൂവറി കമ്പനിയുടെ വികസന ഡയറക്റ്റർ ഗുഷിൻ റോമന്‍റെ ഇ മെയിൽ സന്ദേശം എബി ജെ. ജോസിനു ലഭിച്ചു.

2019ൽ ടിക്‌ ടോക്ക് വിഡിയൊയിലൂടെയാണ് ഇസ്രയേലിൽ ഗാന്ധിയുടെ ചിത്രം മദ്യക്കുപ്പിയിൽ പതിപ്പിച്ചിട്ടുണ്ടെന്ന വിവരം എബി അറിയുന്നത്. മാൽക്ക എന്ന കമ്പനിയുടേതായിരുന്നു മദ്യം. ഇസ്രയേലിന്‍റെ 70ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലിമിറ്റഡ് എഡിഷനായി പുറത്തിറക്കിയ മദ്യക്കുപ്പികളിലാണ് ഗാന്ധിജിയുടെ ചിത്രം ചേർത്തിരുന്നത്. കോട്ടും ബനിയനും കൂളിങ് ഗ്ലാസും ധരിപ്പിച്ചു ഗാന്ധിജിയെ കോമാളിയാക്കിയ നിലയിലുള്ള ചിത്രമായിരുന്നു മദ്യക്കുപ്പികളിൽ അച്ചടിച്ചിരുന്നതെന്ന് എബി.

തുടർന്ന്, മദ്യത്തിനെതിരേ ജീവിതത്തിലൂടനീളം നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യയുടെ രാഷ്‌ട്രപിതാവിന്‍റെ ചിത്രം മദ്യക്കുപ്പികളിൽ ചേർത്തത് അനാദരവാണെന്നു ചൂണ്ടിക്കാട്ടി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർക്ക് എബി പരാതി അയച്ചു. വിഷയം ശ്രദ്ധയിൽപ്പെട്ട ആം ആദ്‌മി പാർട്ടി എംപി ഇക്കാര്യം രാജ്യസഭയിൽ ഉന്നയിച്ചു. സംഭവത്തിൽ രാജ്യസഭ ഒന്നടങ്കം പ്രതിഷേധിച്ചു. രാജ്യസഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു അടിയന്തര നടപടി സ്വീകരിക്കാൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് നിർദേശം നൽകി. തുടർന്ന് ഇന്ത്യ നടത്തിയ നയതന്ത്ര ഇടപെടലിലൂടെ ഇസ്രയേൽ മദ്യ കമ്പനി ഖേദം പ്രകടിപ്പിച്ചു ചിത്രം പിൻവലിക്കുകയായിരുന്നു.

ഈ സംഭവം പുറത്തു വന്നതോടെ ചെക്ക് റിപ്പബ്ലിക്കിൽ വിനോദസഞ്ചാരത്തിനു പോയ മലയാളികൾ അവിടെയും മദ്യക്കുപ്പികളിൽ ഗാന്ധിജിയുടെ ചിത്രവും പേരും ഉപയോഗിക്കുന്നത് കണ്ടു. ഇക്കാര്യം അവർ എബി ജെ. ജോസിനെ അറിയിച്ചു. തുടർന്ന് ചെക്ക് റിപ്പബ്ലിക്കിൽ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി ആൻഡ്രജ് ബാബെയ്‌സ് ഉൾപ്പെടെയുള്ളവർക്ക് ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പികളിൽ അച്ചടിച്ച് പിവോവർ ക്രിക് എന്ന കമ്പനി അനാദരിച്ചതായി കാണിച്ച് പരാതി നൽകി.

പിന്നീട് എബി ജെ. ജോസ് ഡൽഹിയിലെ ചെക്ക് റിപ്പബ്ലിക് എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തി, ചെക്ക് വിദേശകാര്യ മന്ത്രാലയം വഴി നടപടി എടുപ്പിക്കുകയായിരുന്നു. ഗാന്ധിയുടെ ചിത്രത്തോടുകൂടിയ മദ്യത്തിന്‍റെ ഉത്പാദനം നിർത്തിവച്ചതായും വിപണിയിലുള്ളവ 2019 ഓഗസ്റ്റ് 31നകം പിൻവലിച്ച് വിൽപ്പന അവസാനിപ്പിക്കുമെന്നും ചെക്ക് എംബസി കോൺസുലാർ ആയിരുന്ന മിലൻ ദോസ്‌താൽ എബി ജെ. ജോസിനെ അറിയിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com