

ഇമ്രാനുമായി ജയിലില്‍ കൂടിക്കാഴ്ച നടത്തി ഭാര്യയും സഹോദരിയും
റാവല്‍പിണ്ടി: അഡിയാല ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ തെഹ്‌രിക്-ഇ-ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി സ്ഥാപകനുമായ ഇമ്രാന്‍ ഖാനുമായി ഭാര്യ ബുഷ്‌റ ബിബിയും സഹോദരി നൊറീന്‍ നിയാസിയും കൂടിക്കാഴ്ച നടത്തി. 9 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയത്. ഇമ്രാനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാന്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതി ഈ മാസം 18ന് ഉത്തരവിട്ടിരുന്നു. ഇതിനു പുറമെ ആഴ്ചയിലൊരിക്കല്‍ ഇമ്രാന്‍ ഖാന് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്താനും കോടതി അനുമതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്നാണ് ഇമ്രാനുമായി ഭാര്യയും സഹോദരിയും കൂടിക്കാഴ്ച നടത്തിയത്. അഡിയാല ജയിലില്‍ ഭാര്യ ബുഷ്റ ബിബിയുമായുള്ള ഇമ്രാന്‍റെ ഇമ്രാനുമായി ജയിലില്‍ കൂടിക്കാഴ്ച നടത്തി ഭാര്യയും സഹോദരിയും കൂടിക്കാഴ്ച ഏകദേശം 30 മുതല്‍ 35 മിനിറ്റ് വരെ നീണ്ടുനിന്നു. അഴിമതി കേസില്‍ 14 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഇമ്രാന്‍ 2023 മുതല്‍ അഡിയാല ജയിലില്‍ കഴിയുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ ഖാനെ ഇസ്‌ലാമാബാദിലെ ഷിഫ ഇന്‍റര്‍നാഷണല്‍ ഹോസ്പിറ്റലിലേക്ക് മാറ്റാനും, വിദഗ്ധ ഡോക്റ്റര്‍മാരും അദ്ദേഹത്തിന്‍റെ സ്വകാര്യ ഡോക്റ്റര്‍മാരിലൊരാളായ ഫൈസല്‍ സുല്‍ത്താനും ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡിനെക്കൊണ്ട് ഇമ്രാനെ പരിശോധിപ്പിക്കണമെന്നുമാണു സുപ്രീം കോടതി അധികൃതരോട് ഉത്തരവിട്ടത്.
കുടുംബാംഗങ്ങളുമായി ആഴ്ചതോറും കൂടിക്കാഴ്ച നടത്താനും മക്കളുമായി ഫോണില്‍ സംസാരിക്കാനും ഇമ്രാനെ അനുവദിക്കണമെന്ന് മൂന്നംഗ ബെഞ്ച് ജയില്‍ അധികൃതരോട് നിര്‍ദേശിച്ചു. ഇമ്രാനെ കാണുന്നതിനും അദ്ദേഹം തെരഞ്ഞെടുക്കുന്ന ഡോക്റ്റര്‍മാരെക്കൊണ്ട് പരിശോധന നടത്തുന്നതിനുമുള്ള അനുമതി ലഭിക്കാന്‍ അദ്ദേഹത്തിന്‍റെ കുടുംബം ഏറെക്കാലമായി ശ്രമിച്ചുവരികയായിരുന്നു. അതേസമയം, വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഇമ്രാനെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ അധികൃതരോട് നിര്‍ദേശിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരേ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ രംഗത്തെത്തി.
ഇടക്കാല ഉത്തരവ് കോടതിയുടെ അധികാരപരിധിക്ക് അതീതമാണെന്നും അത് പുനഃപരിശോധിക്കണമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ വാദിച്ചു. തന്‍റെ വലതു കണ്ണിലെ കാഴ്ചശക്തിയുടെ ഏകദേശം 85 ശതമാനവും നഷ്ടപ്പെട്ടതായി ഖാന്‍റെ കുടുംബം വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണു ഈ വര്‍ഷം ജനുവരി അവസാനത്തോടെ ഇമ്രാന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് നിഷേധിച്ചു.