ഫ്രാൻസിൽ സെന്‍റ് നിക്കോളാസിന്‍റെ തിരുശേഷിപ്പ് മോഷ്ടിച്ച് നശിപ്പിച്ചു

തിരുശേഷിപ്പ് നശിപ്പിക്കാനുള്ള ആഗ്രഹം മൂലമാണ് താൻ ഈ പ്രവൃത്തി ചെയ്തതെന്നും ഒരുതരം ഭ്രമമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നും പ്രതി
 Relics of Saint Nicholas stolen and destroyed in France

ഫ്രാൻസിൽ സെന്‍റ് നിക്കോളാസിന്‍റെ തിരുശേഷിപ്പ് മോഷ്ടിച്ച് നശിപ്പിച്ചു

Updated on: 

ഫ്രാൻസ്: സാന്താക്ലോസിന്‍റെ ഐതിഹ്യത്തിന് പ്രചോദനമായ വിശുദ്ധ മൈറയിലെ സെന്‍റ് നിക്കോളാസിന്‍റെ തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന പേടകം ഫ്രാൻസിലെ ബസിലിക്കയിൽനിന്ന് മോഷ്ടിച്ച് നശിപ്പിച്ചു. ലോറൈൻ മേഖലയിലെ സെന്‍റ് നിക്കോളാസ് ബസിലിക്കയിൽ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പാണ് മോഷ്ടാവിന്‍റെ ആക്രമണത്തിൽ തകർന്നത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഒക്റ്റോബർ 28-നാണ് മോഷണം നടന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ നവംബർ രണ്ടിനാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന പ്രദർശന പേടകം തകർത്തശേഷം അതിനുള്ളിലെ അവശിഷ്ടങ്ങൾ കത്തിച്ച് നശിപ്പിച്ചതായി പ്രതി സമ്മതിച്ചതായാണ് ഫ്രഞ്ച് മാധ്യമമായ എൽ'എസ്റ്റ് റിപ്പബ്ലിക്കൻ റിപ്പോർട്ട് ചെയ്തത്.

തിരുശേഷിപ്പ് നശിപ്പിക്കാനുള്ള ആഗ്രഹം മൂലമാണ് താൻ ഈ പ്രവൃത്തി ചെയ്തതെന്നും ഒരുതരം ഭ്രമമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. മാനസിക പരിശോധനയ്ക്കുശേഷം കുറ്റകൃത്യത്തിന് നിയമപരമായി ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി.

സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തിയ സെന്‍റ് നിക്കോളാസ് ഇടവക, ഇത് കേവലം ചരിത്രപരമായ പൈതൃകത്തിന് നേരെയുള്ള ആക്രമണം മാത്രമല്ലെന്നും വിശ്വാസത്തിനും തലമുറകളായി കൈമാറിവന്ന ഭക്തിക്കും നേരെയുള്ള അപമാനമാണെന്നും പ്രതികരിച്ചു. വിശുദ്ധ നിക്കോളാസുമായുള്ള വിലപ്പെട്ട ആത്മീയ ബന്ധമാണ് തിരുശേഷിപ്പിലൂടെ നിലനിർത്തിയിരുന്നതെന്നും ഇടവക വ്യക്തമാക്കി.

ആരാണ് മൈറയിലെ വിശുദ്ധ നിക്കോളാസ്?

നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിലെ മൈറയിൽ ജീവിച്ചിരുന്ന ഗ്രീക്ക് ബിഷപ്പായിരുന്നു വിശുദ്ധ നിക്കോളാസ്. ഒന്നാം നിക്കിയ കൗൺസിലിൽ അദ്ദേഹം സന്നിഹിതനായിരുന്നതായി പങ്കെടുത്തവരുടെ പട്ടിക സ്ഥിരീകരിക്കുന്നു. ഇന്നത്തെ തുർക്കിയിലെ പതാരയിൽ ക്രിസ്ത്യൻ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ദരിദ്രർക്കും ആവശ്യക്കാർക്കും രഹസ്യമായി സമ്മാനങ്ങളും സഹായങ്ങളും നൽകിയിരുന്നുവെന്നതാണ് അദ്ദേഹത്തെക്കുറിച്ചുള്ള പ്രധാന ഐതിഹ്യം. ഈ പാരമ്പര്യമാണ് പിന്നീട് ആധുനിക സാന്താക്ലോസ് സങ്കൽപത്തിന്‍റെ രൂപീകരണത്തിന് പ്രചോദനമായത്.

കുട്ടികൾ, നാവികർ, വ്യാപാരികൾ വില്ലാളികൾ, അനുതപിക്കുന്ന കള്ളന്മാർ, കുട്ടികൾ, മദ്യനിർമ്മാതാക്കൾ, പണയക്കാർ, കളിപ്പാട്ട നിർമ്മാതാക്കൾ, അവിവാഹിതർ, യൂറോപ്യൻ വിദ്യാർഥികൾ എന്നിവരുടെ രക്ഷാധികാരിയാണ് വിശുദ്ധ നിക്കോളാസ് തുടങ്ങി വിവിധ വിഭാഗങ്ങളുടെ മധ്യസ്ഥനായ വിശുദ്ധനായാണ് ക്രൈസ്തവ വിശ്വാസികൾ അദ്ദേഹത്തെ ആദരിക്കുന്നത്. അദ്ദേഹത്തിന്‍റെ മരണശേഷം, അദ്ദേഹത്തെ മൈറയിൽ അടക്കം ചെയ്തതിനാലാണ് മൈറയിലെ വിശുദ്ധ നിക്കൊളാസ് എന്ന് അദ്ദേഹം അറിയപ്പെടുന്നത്. രണ്ട് നൂറ്റാണ്ടുകൾക്കുള്ളിൽ അവിടെ സെന്‍റ് നിക്കോളാസ് പള്ളി നിർമ്മിക്കപ്പെട്ടു.

വിശുദ്ധ നിക്കോളാസിന്‍റെ പ്രധാന അസ്ഥികൾ 11-ാം നൂറ്റാണ്ടിൽ ഇറ്റലിയിലെ ബാരിയിലേക്ക് കൊണ്ടുപോയി. അവ ഇപ്പോൾ ബാരിയിലെ സെന്‍റ് നിക്കോളാസ് ബസിലിക്കയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ശേഷിച്ചിരുന്ന ചില അസ്ഥിഭാഗങ്ങൾ വെനീഷ്യൻ നാവികർ പിന്നീട് വെനീസിലേക്കും കൊണ്ടുപോയി.

ഫ്രാൻസിലെ ബസിലിക്കയിൽനിന്ന് മോഷ്ടിക്കപ്പെട്ട് നശിപ്പിക്കപ്പെട്ട തിരുശേഷിപ്പ് വിശുദ്ധ നിക്കോളാസിന്‍റെ അവശേഷിച്ച അസ്ഥിഭാഗങ്ങളുമായി ബന്ധപ്പെട്ടതാണ്. സംഭവം വിശ്വാസികൾക്കിടയിലും ചരിത്രപൈതൃക സംരക്ഷണ പ്രവർത്തകർക്കിടയിലും വലിയ ദുഃഖത്തിനിടയാക്കി.