

യുദ്ധം അവസാനിപ്പിക്കാൻ വാഷിങ്ടൺ നടത്തുന്ന നയതന്ത്ര നീക്കങ്ങൾ ഫലം കണ്ടു തുടങ്ങിയെന്നാണ് ട്രംപ് നൽകുന്ന സൂചന
file photo
വാഷിങ്ടൺ: റഷ്യയും യുക്രെയ്നും തമ്മിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാനായി അമെരിക്കയുടെ നേതൃത്വത്തിൽ നടത്തുന്ന ചർച്ചയിൽ കാര്യമായ പുരോഗതി ഉള്ളതായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അയോവയിലേയ്ക്കു പുറപ്പെടുന്നതിനു മുമ്പ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ വാഷിങ്ടൺ നടത്തുന്ന നയതന്ത്ര നീക്കങ്ങൾ ഫലം കണ്ടു തുടങ്ങിയെന്നാണ് ട്രംപ് നൽകുന്ന സൂചനയിൽ നിന്നു വ്യക്തമാകുന്നത്.
അമെരിക്ക മധ്യസ്ഥത വഹിച്ച് കഴിഞ്ഞ ആഴ്ച അവസാനം അബുദാബിയിലായിരുന്നു റഷ്യയുടെയും യുക്രെയ്നിന്‍റെയും പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയത്. അമെരിക്കയുടെ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. യുക്രെയ്ൻ പ്രതിനിധി റസ്റ്റം ഉമെറോവ്, ഇന്‍റലിജൻസ് മേധാവി കൈറിലോ ബുഡാനോവ് എന്നിവരും റഷ്യൻ സൈനിക ഇന്‍റലിജൻസ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
ട്രംപ് ഭരണകൂടം സമാധാന ചർച്ചകളുമായി മുന്നോട്ടു പോകുന്നത് ലോകം വലിയ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. ഇതിന്‍റെ തുടർച്ചയായി ഫെബ്രുവരി ഒന്നിന് യുഎഇയിൽ വച്ച് അടുത്ത ഘട്ട ചർച്ചകൾ നടക്കുമെന്നാണ് അറിയിപ്പ്. ഓരോ കാര്യങ്ങളും അതത് തലസ്ഥാനങ്ങളിൽ അറിയിക്കാനും നേതാക്കളുമായി ആലോചിച്ച് അടുത്ത നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചതായും യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി ടെലിഗ്രാമിൽ കുറിച്ചിരുന്നു.
എന്നാൽ റഷ്യൻ അധിനിവേശത്തിലുള്ള വൻ ആണവനിലയമായ സാപപ്പോറീഷ്യയുടെ നിയന്ത്രണം സംബന്ധിച്ച തർക്കം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി തുല്യമായി പങ്കിടാമെന്ന കാര്യത്തിൽ ധാരണയായെങ്കിലും നിലയത്തിന്‍റെ നിയന്ത്രണം ആർക്കാണെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നു. യുദ്ധം അവസാനിപ്പിക്കുന്ന പ്രക്രിയയിൽ അമെരിക്കയുടെ മേൽനോട്ടവും നിയന്ത്രണവും ആവശ്യമാണെന്ന് സെലൻസ്കി ചർച്ചയിൽ ആവശ്യപ്പെട്ടു.