

ഇലോൺ മസ്ക്
വാഷിങ്ടൺ: യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാര്‍ട്ടി സ്ഥാര്‍ഥികളുടെ പ്രചാരണത്തിനായി 500 മില്യൺ ഡോളർ മുടക്കിയത് വിഡ്ഢിത്തമായിപ്പോയെന്നു തുറന്നു സമ്മതിച്ച് അമേരിക്കന്‍ ശതകോടീശ്വരൻ ഇലോൺ മസ്ക്. ന്യൂയോർക്ക് ടൈംസിന്റെ ഡീൽബുക്ക് ഉച്ചകോടിയിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കവേയാണ് ഇത്രയധികം പണം ചെലവഴിച്ചതിൽ തനിക്ക് വലിയ അബദ്ധം പറ്റിയതായി തോന്നുന്നുവെന്ന് മസ്ക് പ്രതികരിച്ചത്. ഏകദേശം 4,700 കോടി രൂപയോളം രൂപയ്ക്കടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ചെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിനും ടെക്സസില്‍ പാര്‍ട്ടിയുടെ ആധിപത്യം നിലനിര്‍ത്തുന്നതിനുമായിരുന്നു മസ്കിന്റെ പ്രധാന നീക്കം. ടെസ്ലയുടെ വാഹനനിര്‍മാണ കേന്ദ്രവും സ്പേസ് എക്സിന്റെ പ്രവര്‍ത്തനങ്ങളും ഭാവിയില്‍ ആസൂത്രണം ചെയ്ത ചിപ്പ് നിര്‍മാണ സംരംഭവും ഉള്‍പ്പെടെ മസ്കിന്റെ പ്രധാന ബിസിനസ് താല്പര്യങ്ങളുള്ള സംസ്ഥാനമാണ് ടെക്സസ്. ഇതുകൂടി കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്‍തുക നിക്ഷേപിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം മസ്കിന്റെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായി.
തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളിലും നേട്ടമുണ്ടാക്കി. ടെക്സസ് ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജിന ഹിനോജോസ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഗ്രെഗ് ആബട്ടിനെ പരാജയപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ മസ്കിനും തിരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയായി.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് നല്കിയ സാമ്പത്തിക സഹായത്തെക്കുറിച്ച് പരാമര്‍ശിക്കവെ, ഇത്രയും പണം ചെലവഴിച്ചിട്ടും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാത്തതില്‍ തനിക്ക് നിരാശയുണ്ടെന്ന് മസ്ക് പറഞ്ഞു. താന്‍ സാമ്പത്തിക പിന്തുണ നല്കിയില്ലായിരുന്നുവെങ്കില് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടെ പ്രകടനം ഇതിലും മോശമാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു