

ഹോർമൂസിൽ നിയന്ത്രണം കടുപ്പിച്ച് ഇറാൻ
ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്രയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇറാൻ. ഈ പാതയിലൂടെ സഞ്ചരിക്കുന്ന എല്ലാ ചരക്കു കപ്പലുകളും ഇറാനിയൻ നാവികസേനയുമായി മുൻകൂട്ടി ബന്ധപ്പെടണമെന്നും അനുമതി വാങ്ങണമെന്നും ഇറാൻ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ചരക്കു നീക്കത്തിന്‍റെ സുപ്രധാന കേന്ദ്രമായ ഹോർമൂസിൽ പിടിമുറുക്കുന്നതിലൂടെ മേഖലയിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നത്.
മുൻകൂട്ടി ഏകോപനം നടത്താത്ത കപ്പലുകൾക്കെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നും ഇറാൻ ഭരണകൂടം മുന്നറിയിപ്പു നൽകി. ഇപ്പോൾ മേഖലയിൽ ഇറാനിയൻ ബോട്ടുകൾക്കു നേരെ അമെരിക്ക നടത്തിയ ആക്രമണം പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ഹോർമൂസ് കടലിടുക്കിൽ വെച്ച് ഇറാന്‍റെ ആറു സൈനിക ബോട്ടുകൾ തകർത്തതായി അമെരിക്കൻ സെൻട്രൽ കമാൻഡ് അവകാശപ്പെട്ടിരുന്നു.
എന്നാൽ അമെരിക്കയുടെ ഈ വാദം ഇറാൻ പൂർണമായും തള്ളി. തങ്ങളുടെ സൈനിക ബോട്ടുകളെയല്ല, മറിച്ച് സാധാരണക്കാരുടെ സിവിലിയൻ ബോട്ടുകളെയാണ് അമെരിക്ക ലക്ഷ്യം വച്ചതെന്ന് ഇറാൻ ആരോപിച്ചു. ആക്രമണത്തിൽ സിവിലിയൻമാർ കൊല്ലപ്പെട്ടതായും ഇറാന്‍റെ ഐആർജിസി വ്യക്തമാക്കി.അമെരിക്കയുടെ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാൻ കുറ്റപ്പെടുത്തി.
മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്‍റെ പുതിയ നിയന്ത്രണങ്ങൾ ആഗോള എണ്ണ വിപണിയെയും ചരക്കു നീക്കത്തെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഇറാനും അമെരിക്കയും തമ്മിലുള്ള തർക്കം യുദ്ധസമാനമായ സാഹചര്യത്തിലേയ്ക്ക് നീങ്ങുന്നത് പശ്ചിമേഷ്യയിൽ വലിയ ഭീതിയാണ് പടർത്തുന്നത്. വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.