ട്രംപ് ഗോൾഡ് കാർഡിനു പുറമേ ഇനി ട്രംപ് പ്ലാറ്റിനം കാർഡും

യുഎസ് ഖജനാവിലേയ്ക്ക് കോടിക്കണക്കിനു ഡോളർ ലക്ഷ്യം
 Trump Gold Card

ട്രംപ് ഗോൾഡ് കാർഡ്

file photo

Updated on

വാഷിങ്ടൺ: യുഎസിലേയ്ക്ക് കുടിയേറി നിയമപരമായ സ്ഥിരതാമസമാക്കാൻ സമ്പന്നർക്കായി ട്രംപ് ഗോൾഡ് കാർഡ് എന്ന പുതിയ കുടിയേറ്റ പദ്ധതിക്ക് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകി. ഖജനാവിലേയ്ക്ക് കോടിക്കണക്കിനു ഡോളർ ലക്ഷ്യമിടുന്ന ഈ പദ്ധതി നിലവിലെ നിയമപരമായ കുടിയേറ്റ സംവിധാനത്തിന്‍റെ പരിഷ്കരണമാണ്.

പദ്ധതി ഇങ്ങനെ:

വ്യക്തികൾക്ക് പത്തു ലക്ഷം ഡോളർ വീതവും (ഏതാണ്ട് 8.8 കോടി രൂപ) കോർപറേറ്റുകൾക്ക് ഓരോ ജീവനക്കാരനും 20 ലക്ഷം ഡോളറുമാണ് (ഏതാണ്ട് 16.8 കോടി രൂപ) ഈ പദ്ധതിക്കു കീഴിൽ നൽകേണ്ടത്. സമ്പന്നരായ വ്യക്തികൾക്കും കോർപറേറ്റുകൾക്കും യുഎസിൽ അതിവേഗം സ്ഥിരതാമസത്തിന് അവസരം നൽകുകയാണ് ട്രംപ് ഗോൾഡ് കാർഡിന്‍റെ മുഖ്യ ലക്ഷ്യം.

അപേക്ഷകരെ സൂക്ഷ്മമായി പരിശോധിച്ച ശേഷമാകും നിലവിലുള്ള EB-1, EB-2 വിസ വിഭാഗങ്ങളിൽ ഉൾപ്പെടുത്തുന്നതും സ്ഥിര താമസത്തിനുള്ള അനുമതി നൽകുന്നതും. ഈ പദ്ധതിയിലൂടെ 100 ബില്യൺ ഡോളർ വരുമാനം നേടാനാകും എന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് വ്യക്തമാക്കി.ഈ വരുമാനം നികുതി കുറയ്ക്കുന്നതിനും കടം വീട്ടുന്നതിനും ഉപയോഗിക്കുമെന്ന് ട്രംപ് പറഞ്ഞു.

കാർഡ് ഉടമ രാജ്യത്തിനു ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഉൾപ്പെടുകയോ തട്ടിപ്പ് നടത്തുകയോ തെറ്റായ വിവരങ്ങൾ നൽകിയതായി തെളിയുകയോ ചെയ്താൽ ഈ വിസ റദ്ദാകും. വിസാ നിബന്ധനകൾ ലംഘിച്ചാലും വിസ റദ്ദാകും.

ഉടൻ തന്നെ മറ്റൊരു പ്ലാറ്റിനം കാർഡ് അവതരിപ്പിക്കാനും ട്രംപ് ഭരണകൂടം പദ്ധതിയിടുന്നുണ്ട്. 50 ലക്ഷം ഡോളറാണ് ഇതിനു വില. ഈ കാർഡ് ഉടമകൾക്ക് ഒരു വർഷം 270 ദിവസം വരെ യുഎസിൽ താമസിക്കാം. കൂടാതെ യുഎസിന് പുറത്ത് നിന്നുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com