
ആംസ്റ്റർഡാം: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പരിപാടിയിൽ പലസ്തീൻ, അഫ്ഗാനിസ്ഥാൻ വനിതകളെ സംസാരിക്കാൻ ക്ഷണിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗിനെതിരേ പ്രതിഷേധം. സദസിൽ നിന്നെത്തിയ യുവാവ് ഗ്രെറ്റയുടെ മൈക്ക് പിടിച്ചുവാങ്ങി. താൻ കാലാവസ്ഥാ പരിപാടിക്കാണ് എത്തിയതെന്നും പരിപാടിയിൽ രാഷ്‌ട്രീയം കലർത്താനാണ് ഗ്രെറ്റയുടെ ശ്രമമെന്നും യുവാവ് ആരോപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് യുവാവിനെ വേദിയിൽ നിന്ന് നീക്കിയത്.
എന്നാൽ, കാലാവസ്ഥാ നീതി പ്രസ്ഥാനമെന്ന നിലയിൽ അടിച്ചമർത്തപ്പെട്ടവരുടെയും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെയും ശബ്ദം കേൾക്കേണ്ടതുണ്ടെന്നായിരുന്നു ഗ്രെറ്റയുടെ വിശദീകരണം. അധിനിവേശ ഭൂമിയിൽ കാലാവസ്ഥാ നീതിയുണ്ടാവില്ലെന്നും അവർ അവകാശപ്പെട്ടു.
വേദിയിൽ അവസരം നൽകിയതിൽ അഫ്ഗാൻ വനിത സഹർ ഷിർസാദും പലസ്തീനിയൻ ആക്റ്റിവിസ്റ്റ് സാറ റഷ്ദാനും ഗ്രെറ്റയോടു നന്ദി പറഞ്ഞു. ആംസ്റ്റർഡാമിൽ 70000ലേറെ പേർ പങ്കെടുത്ത കാലാവസ്ഥാ മാർച്ചിന്‍റെ തുടർച്ചയായിരുന്നു സമ്മേളനം.
പരിപാടിക്കു തൊട്ടുമുൻപ് ആൾക്കൂട്ടത്തിൽ നിന്ന് മുഴങ്ങിയ പലസ്തീൻ അനുകൂല മുദ്രാവാക്യത്തിൽ ഗ്രെറ്റയും പങ്കുചേർന്നിരുന്നു. പലസ്തീനിയൻ സ്കാർഫ് കഴുത്തിൽ ധരിച്ചാണ് ഗ്രെറ്റ പരിപാടിക്കെത്തിയത്. നേരത്തേ, പലസ്തീന് അനുകൂല നിലപാടെടുത്ത ഗ്രെറ്റയെക്കുറിച്ചുളള പാഠഭാഗങ്ങൾ ഇസ്രയേൽ പാഠപുസ്തകത്തിൽ നിന്നു നീക്കിയിരുന്നു. ഇന്ത്യയിൽ കർഷകസമരം നടക്കുമ്പോൾ സമരക്കാർക്ക് അനുകൂലമായി ടൂൾ കിറ്റ് പങ്കുവച്ചതിന്‍റെ പേരിൽ വിവാദത്തിലായിരുന്നു ഗ്രെറ്റ.