എച്ച്-1ബി വിസ: ഒരു ലക്ഷം ഡോളർ ഫീസ് ഒരു വർഷത്തേക്ക് കൂടി; പരിശോധന കർശനമാക്കാൻ യുഎസ്

2025ൽ ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ തീരുമാനം രണ്ട് വ്യത്യസ്ത ഫെഡറൽ കോടതികളുടെ പരിഗണനയിലിരിക്കെയാണ് പുതിയ തീരുമാനം
H-1B Visa: $100,000 fee to continue for another year.

എച്ച്-1ബി വിസ: ഒരു ലക്ഷം ഡോളർ ഫീസ് ഒരു വർഷത്തേക്ക് കൂടി

file photo

Updated on

വാഷിങ്ടൺ: വിദേശ തൊഴിലാളികളെ എച്ച്-1ബി വിസയിൽ അമെരിക്കയിലെത്തിക്കുന്ന തൊഴിലുടമകളിൽ നിന്ന് ഈടാക്കുന്ന ഒരു ലക്ഷം യുഎസ് ഡോളർ ഫീസ് ഒരു വർഷത്തേക്ക് കൂടി തുടരാൻ യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് തീരുമാനിച്ചു. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസിഡൻഷ്യൽ പ്രഖ്യാപനത്തിൽ, 2025ൽ ഏർപ്പെടുത്തിയ ഒരു ലക്ഷം ഡോളർ ഫീസ് വൻകിട ഐടി ഔട്ട്സോഴ്സിങ് കമ്പനികളിലെ എച്ച്-1ബി രജിസ്ട്രേഷനിൽ 92 ശതമാനം കുറവുണ്ടാക്കിയതായി ട്രംപ് പറഞ്ഞു.

''2025ലെ പ്രഖ്യാപനം ഒരു വർഷത്തേക്ക് കൂടി നീട്ടുന്നതിലൂടെ അമെരിക്കയുടെ സാമ്പത്തിക, ദേശീയ സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കാനും അമെരിക്കൻ തൊഴിലാളികൾക്കും ബിരുദധാരികൾക്കും തൊഴിൽ വിപണിയിലെ അവസരങ്ങൾ മെച്ചപ്പെടുത്താനും സാധിക്കും. പരിപാടിയുടെ യഥാർഥ ലക്ഷ്യത്തിന് അനുസൃതമായി ആവശ്യമായ സമയത്ത് ഏറ്റവും ഉയർന്ന വൈദഗ്ധ്യമുള്ളവരെയും അനിവാര്യരായ വിദേശ തൊഴിലാളികളെയും മാത്രമാണ് തൊഴിലുടമകൾ നിയമിക്കുന്നതെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കും''- ട്രംപ് പറഞ്ഞു.

അമെരിക്കൻ എച്ച്-1ബി വിസ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്തൃ വിഭാഗമായി ഇന്ത്യക്കാർ തുടരുകയാണ്. 2025ൽ ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ തീരുമാനം നിയമപരമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. വിഷയം രണ്ട് വ്യത്യസ്ത ഫെഡറൽ കോടതികളുടെ പരിഗണനയിലാണ്.

ഫീസ് വർധിപ്പിച്ച 2025ലെ ഉത്തരവിന്‍റെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കുകയായിരുന്നു. വിദ്യാർഥി വിസയിൽ നേരത്തെ തന്നെ അമെരിക്കയിൽ കഴിയുന്ന വിദേശ പൗരന്മാർക്ക് അനുവദിക്കുന്ന വിസകൾക്ക് ഈ ഫീസ് ബാധകമായിരുന്നില്ല. പുതിയ എച്ച്-1ബി വിസ ലഭിക്കുന്നവരിൽ വലിയൊരു വിഭാഗവും ഈ വിഭാഗത്തിൽപ്പെട്ടവരാണ്. നിലവിലെ വിസകളുടെ പുതുക്കലിനും ഫീസ് ബാധകമായിരുന്നില്ല.

തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് മുൻപാകെ സമർപ്പിച്ച തൊഴിൽ നിബന്ധനാ അപേക്ഷകളിലെ വിവരങ്ങൾ പരിശോധിക്കാൻ 30 ദിവസത്തിനകം നടപടികൾ ആരംഭിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. സ്പോൺസർ ചെയ്യുന്ന തൊഴിലുടമകൾക്കെതിരേ കൂടുതൽ നടപടികൾ ആവശ്യമാണോ എന്ന് ഈ പരിശോധനയിലൂടെ തീരുമാനിക്കും.

എച്ച്-1ബി വിസ അപേക്ഷകളുടെ പരിശോധന കൂടുതൽ കർശനമാക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്ന പ്രത്യേക പ്രഖ്യാപനവും പ്രസിഡന്‍റ് പുറത്തിറക്കി.

logo
Metro Vaartha
www.metrovaartha.com