നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും

ജൂലൈ 14 ന് നടക്കുന്ന ബഹിരാകാശ യാത്രയിലാണ് ഈ ഇന്ത്യക്കാരൻ പങ്കു ചേരുന്നത്
 Anil Menon to participate in NASA spaceflight

നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും

Updated on

ഡൽഹി: നാസയുടെ ബഹിരാകാശ യാത്രയിൽ പങ്കെടുക്കാൻ അനിൽ മേനോൻ എന്ന ഇന്ത്യക്കാരനും. ജൂലൈ 14നു നടക്കുന്ന നാസയുടെ ബഹിരാകാശ യാത്രയിലാണ് അനിൽ പങ്കു ചേരുന്നത്. പ്രാഥമിക വിദ്യാഭ്യാസവും ബിരുദ പഠനവും ഡൽഹിയിൽ നടത്തിയിട്ടുള്ള അനിൽ പിന്നീട് ഉപരിപഠനത്തിന് യുഎസിലെ ഹാർവാർഡ് സർവകലാശാലയിൽ ചേർന്നു.

അവിടെ നിന്നും റോട്ടറി ഫൗണ്ടേഷന്‍റെ പോളിയോ പ്രതിരോധ ക്യാംപയിനിൽ പങ്കാളിയായി. തിരികെ എത്തിയ അനിൽ ഇന്ത്യയിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് കുട്ടികളെ പോളിയോ വിമുക്തമാക്കുന്ന സേവനത്തിൽ പൂർണ പങ്കാളിത്തം വഹിച്ചു.

2013ൽ ഫ്ലൈറ്റ് സർജനായി സേവനം ചെയ്ത അനിലിന് അന്ന് ബഹിരാകാശ യാത്രികരുടെ ആരോഗ്യ പരിപാലനത്തിനായുള്ള പദ്ധതികൾ തയാറാക്കുന്ന സേവനമായിരുന്നെങ്കിൽ ഇന്ന് അദ്ദേഹം ബഹിരാകാശ യാത്രികന്‍റെ കുപ്പായമാണ് ഇടാൻ പോകുന്നത്.

ഡോക്റ്റർ, യുഎസ് സ്പേസ് ഫോഴ്സ് കേണൽ എന്നിങ്ങനെ സേവനങ്ങൾ ചെയ്ത ശേഷമാണ് ഇക്കുറി അദ്ദേഹം ബഹിരാകാശ യാത്രികൻ ആകുന്നത്. എട്ടു മാസം നീളുന്ന ബഹിരാകാശ ദൗത്യം ശാരീരികമായ വലിയ വെല്ലുവിളിയാണെങ്കിലും യഥാർഥ തയാറെടുപ്പ് മാനസികമാണെന്ന് അനിൽ മേനോൻ പറയുന്നു.

സ്പേസ് എക്സിൽ ഏഴു വർഷം ജോലി ചെയ്ത കാലത്ത് സങ്കീർണമായ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയ അനുഭവവും വലിയ ആത്മവിശ്വാസം നൽകിയതായി അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലും ഗ്രാമീണ ഇന്ത്യയിലുമുള്ള തന്‍റെ അനുഭവങ്ങളാണ് ജീവിതത്തിലെ വലിയ പ്രചോദനമെന്ന് അനിൽ മേനോൻ പറയുന്നു. ഇന്ത്യയിലെ ജനങ്ങളുടെ വൈവിധ്യവും രാജ്യത്തിന്‍റെ അപാര സാധ്യതകളുമാണ് എന്തും സാധ്യമാണെന്നു വിശ്വസിക്കാൻ തന്നെ പഠിപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.

അനിൽ മേനോന്‍റെ അഭിപ്രായത്തിൽ ബഹിരാകാശ ഗവേഷണം രാജ്യങ്ങൾ തമ്മിലുള്ള മത്സരമല്ല, മറിച്ച് മനുഷ്യ രാശിയുടെ സംയുക്ത സ്വപ്നമാണ്. ജൂലൈ 14 ന് അദ്ദേഹത്തിന്‍റെ റോക്കറ്റ് കസാക്കിസ്ഥാനിൽ നിന്ന് ആകാശത്തേയ്ക്കുയരും. ഒപ്പം രണ്ടു ഭൂഖണ്ഡങ്ങളിലെ ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും. ഡൽഹിയിലെ ഒരു സാധാരണ വിദ്യാർഥിയുടെ സ്വപ്നങ്ങൾ ഇപ്പോൾ നക്ഷത്രങ്ങളോളം എത്തി നിൽക്കുന്നു.

logo
Metro Vaartha
www.metrovaartha.com