
ഓക്കസുകളുടെ ലക്ഷ്യം ചൈനാ നിരീക്ഷണം
getty images
സിഡ്നി: ഓസ്ട്രേലിയയിൽ ആസൂത്രണം ചെയ്ത പുതിയ പ്രതിരോധ കേന്ദ്രങ്ങൾ ഓക്കസ് (AUKUS) ആണവ അന്തർവാഹിനി കരാർ പ്രകാരം അമെരിക്കയ്ക്കും ഉപയോഗിക്കാമെന്ന് ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ്.
പെർത്തിനു സമീപമുള്ള ഹെൻഡേഴ്സൺ കപ്പൽശാല നവീകരിക്കുന്നതിനായി ഓസ്ട്രേലിയ പന്ത്രണ്ട് ബില്യൺ ഓസ്ട്രേലിയൻ ഡോളർ (എട്ടു ബില്യൺ യുഎസ് ഡോളറിനു തുല്യം) ചെലവഴിക്കുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ഓക്കസ് അന്തർവാഹിനി കപ്പലിന്‍റെ അറ്റകുറ്റപ്പണികൾക്കുള്ള പ്രധാന കേന്ദ്രമായി ഈ കപ്പൽ ശാലയെ മാറ്റുന്ന 20 വർഷത്തെ പദ്ധതിയുടെ ഭാഗമാണിത്.
2021 ൽ ഓസ്ട്രേലിയ, ബ്രിട്ടൻ, യുഎസ് എന്നിവർ ചേർന്ന് രൂപീകരിച്ചതാണ് ഓക്കസ് കരാർ. ഇന്ത്യാ-പസഫിക് മേഖലയിൽ ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ അടുത്ത ദശകത്തോടെ ഓസ്ട്രേലിയയ്ക്ക് ആണവ ശക്തിയുള്ള അന്തർവാഹിനികൾ നൽകുക എന്നതാണ് ഈ കരാറിന്‍റെ ലക്ഷ്യം. എന്നിരുന്നാലും നിലവിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകൂടം ഈ കരാർ ഔദ്യോഗികമായി പുനരവലോകനം ചെയ്യുന്നുമുണ്ട്.
ഹെൻഡേഴ്സൺ കപ്പൽ ശാലയിലെ ഡ്രൈ ഡോക്കുകൾ ആണവ ശക്തിയുള്ള അന്തർവാഹിനികൾക്കായി അമെരിക്കയ്ക്ക് ഉപയോഗിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ഇതൊരു ഓക്കസ് കേന്ദ്രമായതിനാൽ അതു പ്രതീക്ഷിക്കുന്നു എന്നാണ് മാർലെസ് മറുപടി നൽകിയത്.