ഫ്ളൈ ദുബായ് ഭീകരാക്രമണ ശ്രമം

ഇസ്രയേലിന് നൽകിയ യുഎസ് വിസ രഹിത യാത്രാ സൗകര്യം തിരിച്ചെടുക്കാൻ യുഎസ്
US to revoke visa-free travel to Israel

ഇസ്രയേലിന് നൽകിയ യുഎസ് വിസ രഹിത യാത്രാ സൗകര്യം തിരിച്ചെടുക്കാൻ യുഎസ്

Updated on: 

ടെൽ അവീവ്: ഫ്ലൈ ദുബായ് വിമാനത്തിന്‍റെ കോക്ക്പിറ്റിൽ വച്ച് സഹ പൈലറ്റ് നടത്തിയ ഭീകരാക്രമണ ശ്രമത്തെ തുടർന്ന് വെളിപ്പെട്ട സുരക്ഷാ വീഴ്ചകൾ മൂലം ഇസ്രയേൽ പൗരന്മാർക്ക് യുഎസ് അനുവദിച്ചിട്ടുള്ള വിസ രഹിത യാത്രാ ആനുകൂല്യം (വിസ വെയ്‌വർ പ്രോഗ്രാം) റദ്ദാക്കപ്പെട്ടേക്കുമെന്നു റിപ്പോർട്ട്.

വിദേശ എയർലൈൻ ക്രൂ ജീവനക്കാരുടെ സുരക്ഷാ പരിശോധനകളിലും വ്യോമയാന സുരക്ഷയിലും ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തലാണ് ഇതിനു കാരണം. 2023ൽ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയപ്പോൾ ഇസ്രയേൽ ഉറപ്പു നൽകിയ കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഇപ്പോഴും പാലിക്കുന്നുണ്ടോ എന്ന് നേരിട്ടു വിലയിരുത്താൻ ഉന്നത തല യുഎസ് സംഘം ഉടൻ ഇസ്രയേലിൽ എത്തും.

നിലവിൽ യു.എ.ഇയിലെ വ്യോമയാന സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുന്ന ഈ സംഘം അടുത്ത ദിവസങ്ങളിൽ ഇസ്രായേലിൽ പരിശോധന നടത്തുമെന്ന് ഇസ്രായേലി മാധ്യമമായ ചാനൽ 12 ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2023-ലാണ് ഇസ്രായേൽ യു.എസിന്‍റെ വിസ വെയ്‌വർ പ്രോഗ്രാമിന്‍റെ ഭാഗമായത്. ഇതോടെ സാധാരണ വിസയ്ക്ക് അപേക്ഷിക്കുന്നതിന് പകരം ഇലക്ട്രോണിക് സിസ്റ്റം ഫൊർ ട്രാവൽ ഓതറൈസേഷൻ (ESTA) വഴി ഇസ്രായേൽ പൗരന്മാർക്ക് വിസയില്ലാതെ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ അനുമതി ലഭിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് തെൽ അവീവിലേക്ക് ഭൂരിഭാഗവും ഇസ്രായേലികളായ 170-ലധികം യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് വിമാനത്തിൽ (FZ1073) ഉണ്ടായ ഞെട്ടിക്കുന്ന സംഭവമാണ് ഈ ആനുകൂല്യത്തെ ഇപ്പോൾ തുലാസിലാക്കിയിരിക്കുന്നത്. ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി വിമാനത്തിലെ എമർജൻസി ആക്സ് (കോടാലി) ഉപയോഗിച്ച് പ്രധാന ക്യാപ്റ്റനായ സ്മിത് മച്ചാറിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

ഫ്ലൈദുബായിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ താൻ ആക്രമണം ആസൂത്രണം ചെയ്തിരുന്നുവെന്ന് അൽ ഹമ്മാമി യു.എ.ഇ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. അൽ ഖ്വയ്ദയെ അനുകൂലിച്ച് മുൻപ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചതിനും തീവ്രവാദ ചിന്താഗതികൾ വച്ചുപുലർത്തിയതിനും ഒമാനിൽ വിമാനം പറത്തുന്നതിൽ നിന്ന് ഇയാളെ വിലക്കിയിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ഇസ്രായേലിലേക്ക് വരുന്ന വിദേശ വിമാനങ്ങളിലെ ജീവനക്കാരെ, പ്രത്യേകിച്ച് ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവരെ കൃത്യമായി സുരക്ഷാ പരിശോധനയ്ക്ക് (ബാക്ക്‌ഗ്രൗണ്ട് വെറ്റിങ്) വിധേയമാക്കുന്നതിൽ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികൾ കാണിച്ച അനാസ്ഥയ്ക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരത്തിൽ നയതന്ത്ര ബന്ധമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള 1,240-ലധികം വിമാന ജീവനക്കാർ ഇസ്രായേലിൽ പ്രവേശിച്ചിട്ടുണ്ടെന്ന് നെസെറ്റ് വിദേശകാര്യ-പ്രതിരോധ സമിതിയുടെ അടച്ചിട്ട യോഗത്തിൽ നിന്നുള്ള വിവരങ്ങളും വ്യക്തമാക്കുന്നു. ഈ സുരക്ഷാ പഴുതുകൾ അമേരിക്കൻ പൗരന്മാരുടെയും അന്താരാഷ്ട്ര യാത്രക്കാരുടെയും സുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഇസ്രായേലിന്‍റെ വിസ ഇളവ് പുനഃപരിശോധിക്കാൻ യു.എസ് തീരുമാനിച്ചത്.

logo
Metro Vaartha
www.metrovaartha.com