

ഷെയ്ഖ് ഹസീന
ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നയതന്ത്ര കുറിപ്പ് ഇന്ത്യക്ക് കൈമാറിയെന്നാണ് വിവരം. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണിത്.
നേരത്തേ ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രേഖാമൂലം ഉന്നയിച്ചിരുന്നില്ല.
ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രശ്നത്തെ തുടർന്നാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. രേഖാമൂലം ബംഗ്ലാദേശ് ഹസീനയെ കൈമാറുന്ന കാര്യം ആവശ്യപ്പെടുകയാണെങ്കിൽ അപ്പോള്‍ നിലപാട് അറിയിക്കുമെന്നാണ് നേരത്തേ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഷെയ്ഖ് ഹസീനയെ കൈമാറുന്നത് പ്രശ്നം രൂക്ഷമാക്കാനേ ഇടയാക്കൂവെന്നും പ്രശ്ന പരിഹാരത്തിന് സഹായകമാകില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.
പ്രശ്ന പരിഹാരത്തിന് എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തി ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാൽ തിരികെ പോകണമെന്നാണ് ഷെയ്ഖ് ഹസീന ഇന്ത്യയെ അറിയിച്ചിട്ടുള്ളത്. ഷെയ്ഖ് ഹസീനയ്ക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലും ഇന്ത്യയിലുണ്ട്.