
പ്രതി ജോസഫ് സൂബ (73)
ഇല്ലിനോയ്: ഇല്ലിനോയിയിൽ 6 വയസുളള പലസ്തീൻ ബാലനെ കൊലപ്പെടുത്തുകയും കുട്ടിയുടെ അമ്മയെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ 73 വയസുകാരന് 53 വർഷം തടവ് ശിക്ഷ. ജോസഫ് സൂബ (73) എന്നയാളാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ പലസ്തീൻ ബാലനെതിരേ വംശീയ ആക്രമണം നടത്തിയത്. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അമ്മയ്ക്കും ഗുരുതര പരുക്കേൽക്കുന്നത്.
2023 ഓക്ടോബർ 14 നായിരുന്നു സംഭവം. ഇയാൾ വാടകയ്ക്ക് നൽകിയ വീട്ടിലായിരുന്നു അമെരിക്കൻ-പലസ്തീൻ വംശജരായ അമ്മയും മകനും താമസിച്ചിരുന്നത്. 18 സെന്‍റിമീറ്റർ നീളമുള്ള സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തി ഉപയോഗിച്ച് 26 തവണയാണ് പ്രതി കുഞ്ഞിനെ കുത്തിയത്.
വീട്ടിൽ അതിക്രമിച്ചു കയറി യുദ്ധത്തെക്കുറിച്ച് ക്ഷുഭിതനായി സംസാരിച്ച ശേഷം സൂബ "നീ മുസ്ലിമാണ്, നീ മരിക്കണം" എന്നു പറഞ്ഞായിരുന്നു കുട്ടിക്കെതിരേ ആക്രമണം നടത്തിയതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
'അമെരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ അക്രമങ്ങളിലൊന്ന്' എന്നായിരുന്നു കുറ്റകൃത്യത്തെ പ്രോസിക്യൂട്ടർമാർ വിശേഷിപ്പിച്ചത്. ഫെബ്രുവരിയിൽ ജോസഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച (May 2) 6 വയസുകാരന്‍റെ കൊലപാതകത്തിൽ 30 വർഷം തടവ്, അമ്മയുടെ കൊലപാതക ശ്രമത്തിന് 20 വർഷം തടവ്, വിദ്വേഷ കുറ്റകൃത്യത്തിന് 3 വർഷം തടവ് എന്നിവ 73കാരൻ അനുഭവിക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.