

യുഎസ്-ഇറാൻ ആണവ ചർച്ച:ഏഴു നിബന്ധനകൾ മുന്നോട്ട് വച്ച് ഇറാൻ
വാഷിങ്ടൺ: അമെരിക്ക-ഇറാൻ സംഘർഷത്തിൽ പുതിയ വഴിത്തിരിവ്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ സൈനിക ഭീഷണികൾക്കിടെ അമെരിക്കയുമായി ആണവ ചർച്ചകൾക്കായുള്ള നിർദേശം മധ്യസ്ഥരായ ഖത്തർ മുഖാന്തരം അമെരിക്കയ്ക്കു കൈമാറി ഇറാൻ. ഈ ഏഴു നിബന്ധനകൾ അമെരിക്ക അംഗീകരിച്ചാൽ മാത്രമേ ആണവ വിഷയത്തിൽ ചർച്ചകൾ ആരംഭിക്കൂ എന്നാണ് ടെഹ്റാന്‍റെ നിലപാട്. ഇറാന്‍റെ ശേഷിക്കുന്ന ഭാഗങ്ങൾ തകർക്കുമെന്ന ട്രംപിന്‍റെ ഭീഷണിക്കിടെയാണ് പുതിയ നീക്കം. നിർദേശം അമെരിക്ക പരിശോധിച്ചു വരികയാണെന്ന് പേരു വെളിപ്പെടുത്താത്ത മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
നേരത്തേ തന്നെ ഇറാന്‍റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ മൊഹ്സെൻ റെസായി, നയതന്ത്ര ചർച്ചകളുമായി ബന്ധപ്പെട്ട് അമെരിക്കയ്ക്ക് ഏഴു നിബന്ധനകൾ നൽകിയതായി വ്യക്തമാക്കിയിരുന്നു. ഈ നിബന്ധനകൾ നടപ്പാക്കും വരെ ഹോർമൂസ് കടലിടുക്ക് തുറക്കില്ലെന്നും അമെരിക്കയുമായി ചർച്ചകൾക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ഇറാന്‍റെ ഔദ്യോഗികമായ ഏഴു നിബന്ധനകളുടെ പൂർണ രൂപം ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാൽ ഖലീജ് ടൈംസിന്‍റെ റിപ്പോർട്ടുകൾ പ്രകാരം ചില സൂചനകൾ പുറത്തു വന്നിട്ടുണ്ട്.
യുദ്ധം പൂർണമായി അവസാനിപ്പിക്കുക, ലെബനനിലെ സംഘർഷം അവസാനിപ്പിക്കുക, ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ അമെരിക്കയുടെ നാവിക ഉപരോധം പിൻവലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങളെന്നാണ് റിപ്പോർട്ട്. ഇറാനു മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കുക, വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ചിട്ടുള്ള ഇറാന്‍റെ ആസ്തികൾ വിട്ടു നൽകുക. പശ്ചിമേഷ്യയിലെ അമെരിക്കൻ സൈനിക സാന്നിധ്യം കുറയ്ക്കുക, യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം തുടങ്ങിയവയും നിബന്ധനകളിൽ ഉൾപ്പെട്ടേക്കാം. ഏതൊരു പ്രാഥമിക ചര്‍ച്ചയിലും ആണവ വിഷയം ഉള്‍പ്പെടുത്തണമെന്നാണ് അമേരിക്കയുടെ നിലപാട്.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥ രാജ്യങ്ങള്‍ ശ്രമം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം പുറത്തുവന്നിരിക്കുന്നത്. അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം സംഘര്‍ഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. വോട്ടെടുപ്പിന് ശേഷം സൈനിക നടപടികള്‍ പുനരാരംഭിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ട്രംപ് തയ്യാറായിട്ടില്ല. യുദ്ധം വീണ്ടും ആരംഭിച്ചാല്‍ കൂടുതല്‍ വ്യാപകമായ തിരിച്ചടി നല്‍കാന്‍ ഇറാനും പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്.