Vivek Ramaswamy
Vivek Ramaswamy

യുഎസിൽ മത്സരിക്കാനുള്ള പ്രേരണ ഹിന്ദു വിശ്വാസം: വിവേക് രാമസ്വാമി

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള മത്സരത്തിലാണ് രാമസ്വാമി

ന്യൂയോർക്ക്: ഹിന്ദു വിശ്വാസമാണ് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിത്വത്തിനായി മത്സരിക്കാൻ തനിക്കു പ്രേരണയെന്ന് ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി. അടുത്ത തലമുറയ്ക്കു മൂല്യങ്ങൾ പകരുന്നതും തന്‍റെ ലക്ഷ്യമാണെന്നും പാലക്കാട്ടു നിന്ന് യുഎസിലേക്കു കുടിയേറിയ കുടുംബാംഗമായ വിവേക് രാമസ്വാമി പറഞ്ഞു. വാഷിങ്ടൺ ഡിസിയിൽ ഫാമിലി ലീഡർ ഫോറം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിക്കി ഹാലി, റോൺ ഡി സാന്‍റിസ് എന്നിവർക്കൊപ്പം റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിത്വത്തിനായുള്ള മത്സരത്തിലാണു വിവേക് രാമസ്വാമി.

""എന്‍റെ വിശ്വാസം എനിക്കു സ്വാതന്ത്ര്യം നൽകുന്നുണ്ട്. അതുതന്നെയാണ് എന്നെ ഈ മത്സരത്തിൽ നയിക്കുന്നത്. ഞാനൊരു ഹിന്ദുവാണ്. ഈശ്വരൻ ഒന്നേയുള്ളൂ എന്നാണു ഞാൻ വിശ്വസിക്കുന്നത്. ദൈവം നമുക്ക് ഓരോ നിയോഗങ്ങൾ നൽകിയിട്ടുണ്ട്. ആ നിയോഗം കണ്ടെത്തേണ്ടതും സാക്ഷാത്കരിക്കേണ്ടതും നമ്മൾ ഓരോരുത്തരുടെയും ധാർമികമായ ചുമതലയാണ്. ദൈവം പലരീതിയിൽ നമ്മളിലൂടെ പ്രവർത്തിക്കുന്നു. എല്ലാവരിലും ദൈവമുണ്ട് എന്നതുകൊണ്ടുതന്നെ നമ്മളെല്ലാവരും തുല്യരാണ്''’- വിവേക് രാമസ്വാമി പറഞ്ഞു.

എന്‍റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചത് കുടുംബമാണ് അടിത്തറയെന്നാണ്. വിവാഹം പവിത്രമാണ്. വിവാഹത്തിനുമുൻപു സ്വയം നിയന്ത്രണം വേണം. വിവാഹേതര ബന്ധം പാടില്ല. വിവാഹം സ്ത്രീയും പുരുഷനും തമ്മിലാണ്. വിവാഹമോചനം നിങ്ങൾ തെരഞ്ഞെടുക്കുന്ന വെറുമൊരു മുൻഗണനയല്ല. ദൈവത്തിനു മുന്നിലാണ് നിങ്ങൾ വിവാഹിതരാകുന്നത്. ദൈവത്തിനു മുന്നിൽ നിങ്ങളും കുടുംബവും ഇതുസംബന്ധിച്ച് പ്രതിജ്ഞയെടുക്കുന്നുമുണ്ട്.

ഞാൻ പഠിച്ചത് ഒരു ക്രിസ്ത്യൻ സ്കൂളിലാണ്. അവിടെ ഞാൻ ബൈബിൾ വായിച്ചു. പഠിച്ചു. അതിൽ പറയുന്നതും ഒന്നുതന്നെ മാതാപിതാക്കളെ ബഹുമാനിക്കുക. കള്ളം പറയരുത്, മോഷ്ടിക്കരുത്. ഈ മൂല്യങ്ങളും ആശയങ്ങളും ഹിന്ദുക്കളുടേതും ക്രിസ്ത്യാനികളുടേതും മാത്രമല്ല എല്ലാവരുടേതുമാണ്. രാജ്യത്താകെ ക്രൈസ്തവികത പ്രോത്സാഹിപ്പിക്കുന്ന പ്രസിഡന്‍റാകാൻ എനിക്ക് കഴിയില്ല. പ്രസിഡന്‍റ് അങ്ങനെ ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുമില്ല. എന്നാൽ, ആ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും അടുത്ത തലമുറയ്ക്കായി പങ്കുവയ്ക്കാനും മാതൃക കാണിക്കാനും എനിക്കു ക‍ഴിയും. ഒരു പ്രസിഡന്‍റ് എന്ന നിലയിൽ യുഎസിൽ കുടുംബം, കഠിനാധ്വാനം, ദേശസ്നേഹം, വിശ്വാസം എന്നിവ ഊട്ടി ഉറപ്പിക്കുവാൻ എനിക്ക് സാധിച്ചുവെന്ന് വരാമെന്നും അദ്ദേഹം.

സ്ഥാനാർഥിത്വത്തിൽ തന്‍റെ എതിരാളികളായ നിക്കി ഹാലിക്കും ഡിസാന്‍റിസിനുമൊപ്പമാണ് രാമസ്വാമി പരിപാടിയിൽ പങ്കെടുത്തത്. മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പരിപാടിയിൽ പങ്കെടുത്തില്ല.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com