വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം

സ്ത്രീ ജീവനക്കാരോട് മോശമായി പെരുമാറിയെന്ന റിപ്പോർട്ടിനെ തുടർന്നു പാരീസ് മേയര്‍ ഇമ്മാനുവല്‍ ഗ്രെഗോയര്‍ സംഭവത്തെ അപലപിച്ചു.
Hindu group demands female staff step aside; Eiffel Tower closed amid protests

ഐഫൽ ഗോപുരം

Updated on

പാരീസ്: ഐഫല്‍ ഗോപുരം തിങ്കളാഴ്ച താത്കാലികമായി അടച്ചിട്ടു. ബോചാസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സംസ്ഥയുമായി (ബിഎപിഎസ്) ബന്ധപ്പെട്ട ഒരു ഹിന്ദു മതസംഘത്തിന്‍റെ സ്വകാര്യ സന്ദര്‍ശനവേളയില്‍, ഐഫല്‍ ഗോപുരത്തിലുള്ള വനിതാ ജീവനക്കാരോട് ജോലിസ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടെന്നാരോപിച്ച് ജീവനക്കാര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് ഈഫല്‍ ഗോപുരം തിങ്കളാഴ്ച അടച്ചത്. എന്നാൽ ചൊവ്വാഴ്ച തുറന്നു.

ശനിയാഴ്ച ബിഎപിഎസുമായി ബന്ധപ്പെട്ട നൂറോളം പേര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വിവാദം ഉടലെടുത്തത്. പാരീസിനു സമീപം ഒരു പ്രധാന ഹിന്ദു ക്ഷേത്രത്തിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായാണ് ഈ സംഘം ഫ്രാന്‍സിലെത്തിയത്. പാരീസിന് സമീപം ഫ്രാന്‍സിലെ തങ്ങളുടെ ആദ്യത്തെ പ്രധാന ഹിന്ദു ക്ഷേത്രം ബിഎപിഎസ് ഞായറാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ദീര്‍ഘകാല സാംസ്‌കാരിക-രാഷ്‌ട്രീയ ബന്ധങ്ങളെ അദ്ദേഹം എടുത്തുപറയുകയും ചെയ്തു.

യൂണിയന്‍ പ്രതിനിധികള്‍ പറയുന്നതനുസരിച്ച്, ബിഎപിഎസ് സംഘം കടന്നുപോകുമ്പോള്‍ ജോലിസ്ഥലത്തുണ്ടായിരുന്ന വനിതാ ജീവനക്കാരോട് അവിടം വിട്ടുപോകാന്‍ നിര്‍ദേശിക്കുകയും പകരം പുരുഷ ജീവനക്കാരെ അവിടെ നിയോഗിക്കുകയും ചെയ്തു.

സന്ദർശക സംഘം "സ്ത്രീകളുമായുള്ള ഇടപെടലുകൾ പരിമിതപ്പെടുത്തുന്നതിനുള്ള" ക്രമീകരണങ്ങൾ ആവശ്യപ്പെട്ടിരുന്നതായി ഐഫല്‍ ഗോപുരത്തിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സ്ഥാപനമായ എസ്ഇടിഇ അറിയിച്ചു. അത്തരം വ്യവസ്ഥകൾ മാനേജ്‌മെന്‍റ് ഒരിക്കലും അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്നും അവർ പറഞ്ഞു.

സ്ത്രീ ജീവനക്കാരോട് മോശമായി പെരുമാറിയെന്ന റിപ്പോർട്ടിനെ തുടർന്നു പാരീസ് മേയര്‍ ഇമ്മാനുവല്‍ ഗ്രെഗോയര്‍ സംഭവത്തെ അപലപിച്ചു. ഇതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തു.

ജീവനക്കാരുടെ ആശങ്കകള്‍ ന്യായമാണെന്ന് പറഞ്ഞ ഗ്രെഗോയര്‍, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. ലിംഗവിവേചനമില്ലാതെ എല്ലാവര്‍ക്കും സ്വതന്ത്രമായി ജോലി ചെയ്യാനും സഞ്ചരിക്കാനും കഴിയണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പാരീസിലുടനീളം ലിംഗസമത്വം ഉറപ്പാക്കുമെന്നു അദ്ദേഹം ഉറപ്പുനല്‍കി. സ്ത്രീ ജീവനക്കാരെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചെന്ന സംഭവത്തെ ഫ്രാന്‍സ് നാഷണല്‍ അസംബ്ലി പ്രസിഡന്‍റ് യായല്‍ ബ്രൗണ്‍ പിവെറ്റും വിമര്‍ശിച്ചു.

logo
Metro Vaartha
www.metrovaartha.com