റാണ പ്രതാപ്
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി. ബംഗ്ലാദേശിലെ ജാഷോർ ജില്ലയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. കെശബ്പൂർ സ്വദേശിയായ 45കാരൻ റാണ പ്രതാപ് ആണ് കൊലചെയ്യപ്പെട്ടത്. മൂന്നാഴ്ചയ്ക്കിടെ അഞ്ചാമത്തെ ഹിന്ദു യുവാവാണ് ബംഗ്ലാദേശിൽ കൊല്ലപ്പെടുന്നത്.
മാർക്കറ്റിൽ എത്തിയ റാണ പ്രതാപിനെ അജ്ഞാതർ വെടിവെക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഒന്നിലധികം വെടിയേറ്റ യുവാവ് സംഭവ സ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെടുകയായിരുന്നു. വെടിവെപ്പിന് ശേഷം പ്രദേശവാസികൾ ആശങ്കയിലായി. തുടർന്ന് പൊലീസെത്തി നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്. അടുത്തിടെ ഖോകോൺ ചന്ദ്ര ദാസ് എന്ന വ്യാപാരിയെ അക്രമികൾ തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന നിലപാടാണ് ബംഗ്ലദേശ് സർക്കാർ ആവർത്തിക്കുന്നത്.