

മുപ്പതോളം മിസൈൽ കേന്ദ്രങ്ങളെ സജീവമാക്കി നിർത്തി ഇറാൻ
ടെഹ്റാൻ: ഇറാന്‍റെ മിസൈൽ കേന്ദ്രങ്ങളിൽ 70 ശതമാനവും തകർത്തതായുള്ള അമെരിക്കയുടെ അവകാശവാദങ്ങൾ അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ഇറാന്‍റെ മിസൈൽ കേന്ദ്രങ്ങളും സൈനിക താവളങ്ങളും 70 ശതമാനത്തോളവും ഇപ്പോഴും പ്രവർത്തനക്ഷമമാണന്ന് അമെരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തൽ.
ഹോർമൂസ് കടലിടുക്കിനു ചുറ്റുമുള്ള ഇറാന്‍റെ 33 മിസൈൽ കേന്ദ്രങ്ങളിൽ 30 എണ്ണവും ഇപ്പോഴും സജീവമായോ ഭാഗികമായോ പ്രവർത്തനക്ഷമമാണ്. ലോകത്തിലെ എണ്ണ വിതരണത്തിന്‍റെ ഏകദേശം 20 ശതമാനവും കടന്നു പോകുന്ന മേഖലയാണിത്. സംഘർഷം വീണ്ടും വഷളായാൽ അമെരിക്കൻ യുദ്ധക്കപ്പലുകൾക്കും എണ്ണക്കപ്പലുകൾക്കും ഇത് വലിയ ഭീഷണിയായി മാറും.
ഇറാന്‍റെ കൈവശം യുദ്ധത്തിനു മുമ്പുണ്ടായിരുന്ന മിസൈൽശേഖരത്തിന്‍റെ 70 ശതമാനവും മൊബൈൽ മിസൈൽ ലോഞ്ചറുകളുടെ 70 ശതമാനവും ഇപ്പോഴും സുരക്ഷിതമാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതിൽ മിഡിൽ ഈസ്റ്റിൽ ഉടനീളം ആക്രമണം നടത്താൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളും ഉൾപ്പെടുന്നുണ്ട്. കൂടാതെ, ഇറാന്‍റെ ഭൂഗർഭ മിസൈൽ സംഭരണ-വിക്ഷേപണ കേന്ദ്രങ്ങളിൽ 90 ശതമാനവും വീണ്ടും പ്രവർത്തന സജ്ജമായതായാണ് കരുതപ്പെടുന്നത്.
ഇറാന്‍റെ സൈന്യം ഗുരുതരമായി തകർന്നു എന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിരന്തരം അവകാശപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് യുഎസ് ഇന്‍റലിജൻസിന്‍റെ ഈ റിപ്പോർട്ട് പുറത്തു വരുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ ഇറാന്‍റെ സൈന്യം, നാവികസേന, വ്യോമസേന എന്നിവയുൾപ്പടെയുള്ള സൈനിക ശക്തി അവശേഷിക്കുന്നില്ലെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. അതേസമയം യുഎസ്-ഇസ്രയേൽ സംയുക്ത ഓപ്പറേഷൻ ഇറാനെ വർഷങ്ങളോളം യുദ്ധം ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ആക്കിയെന്നായിരുന്നു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രസ്താവിച്ചിരുന്നത്.