ഇറാൻ ആണവ കരാറിൽ അടിയന്തിര ഭേദഗതികൾ നിർദേശിച്ച് ട്രംപ്

നിർണായക സിറ്റുവേഷൻ റൂം ചർച്ചയ്ക്കു പിന്നാലെ തീരുമാനം
Trump proposes urgent amendments to Iran nuclear deal

ഇറാൻ ആണവ കരാറിൽ അടിയന്തിര ഭേദഗതികൾ നിർദേശിച്ച് ട്രംപ്

Updated on

വാഷിങ്ടൺ: അമെരിക്കയും ഇറാനും തമ്മിൽ നയതന്ത്ര പ്രതിനിധികൾ വഴി രൂപീകരിച്ച സമാധാന കരാറിന്‍റെ കരട് രേഖയിൽ കടുത്ത ഭേദഗതികൾ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.വൈറ്റ് ഹൗസിൽ അതീവ സുരക്ഷിതമായ സിറ്റുവേഷൻ റൂമിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്

ട്രംപ് ഈ നിർദേശങ്ങൾ മുന്നോട്ട് വച്ചതെന്ന് പ്രമുഖ അമെരിക്കൻ മാധ്യമം ആക്സിയോസ് റിപ്പോർട്ട് ചെയ്തു. നിലവിലെ കരാർ പ്രകാരം ആണവായുധങ്ങൾ നിർമിക്കില്ലെന്ന പൊതുവായ ഉറപ്പ് മാത്രമാണ് ഇറാൻ നൽകുന്നത്. എന്നാൽ ഇത് അപര്യാപ്തമാണെന്നും ഇറാന്‍റെ ആണവ പദ്ധതികളെ പൂർണമായും നിയന്ത്രിക്കുന്ന കടുത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നുമാണ് ട്രംപിന്‍റെ ആവശ്യം.

ഇറാന്‍റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം എങ്ങനെ എപ്പോൾ അമെരിക്കയ്ക്ക് കൈമാറണം എന്നതിനെക്കുറിച്ച് വ്യക്തവും കൃത്യവുമായ സമയക്രമം കരാറിൽ ഉണ്ടാകണം. ഇതിൽ കൂടുതൽ സുതാര്യത ആവശ്യമാണെന്നാണ് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ ആക്സിയോസിനോട് വ്യക്തമാക്കിയത്. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലെ വാചകങ്ങളിലും മാറ്റങ്ങൾ വരുത്താൻ ട്രംപ് തന്‍റെ നയതന്ത്ര സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അമെരിക്കൻ നിർദേശങ്ങളോട് ഇറാന്‍ എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഈ കരാറിന്‍റെ ഭാവി. ഈ ഭേദഗതികളോട് പ്രതികരിക്കാൻ ഇറാൻ മൂന്നു ദിവസത്തെ സമയം എടുക്കുമെന്നാണ് സൂചന. ആഴ്ചാവസാനത്തോടെ ഈ വിഷയത്തിൽ ഒരു അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അമെരിക്ക കൂടുതൽ കടുത്ത നിബന്ധനകൾ വെച്ച സാഹചര്യത്തിൽ പശ്ചിമേഷ്യൻ യുദ്ധഭീതി ഒഴിവാകുമോ എന്നു കണ്ടറിയണം.

logo
Metro Vaartha
www.metrovaartha.com