ചെങ്കടലില്‍ ചരക്ക് കപ്പലിനുനേരെ ഹൂതി ആക്രമണം; 3 ജീവനക്കാര്‍ മരിച്ചു, 4 പേര്‍ക്ക് പരുക്ക്

ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും കപ്പലിനു തീപിടിച്ചു പൂര്‍ണമായി കത്തി നശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു
ചെങ്കടലില്‍ ചരക്ക് കപ്പലിനുനേരെ ഹൂതി ആക്രമണം; 3 ജീവനക്കാര്‍ മരിച്ചു, 4 പേര്‍ക്ക് പരുക്ക്
Updated on

വാഷിങ്ടണ്‍: ചെങ്കടലില്‍ ചരക്ക് കപ്പലിനുനേരെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് കപ്പല്‍ ജീവനക്കാര്‍ മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റ നാല് ജീവനക്കാരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഏദന്‍ കടലിടുക്കില്‍ വച്ചാണ് ബാര്‍ബഡോസിനുവേണ്ടി സര്‍വീസ് നടത്തിവന്ന ഗ്രീക്ക് ഉടമസ്ഥതയിലുള്ള എം.വി ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലിനു നേരെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം നടന്നത്.

കപ്പലുകള്‍ക്കുനേരെ ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ നടത്തുന്ന മിസൈല്‍ ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാര്‍ മരിക്കുന്നത് ആദ്യമായാണ്. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും കപ്പലിനു തീപിടിച്ചു പൂര്‍ണമായി കത്തി നശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കപ്പലില്‍ ഇന്ത്യന്‍ ജീവനക്കാരനുമുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്. ഇവരെ കൂടാതെ നാല് വിയറ്റ്‌നാം പൗരന്‍മാരും 15 ഫിലിപ്പിനോ പൗരന്‍മാരുമടക്കം 20 ജീവനക്കാരാണ് കപ്പിലുണ്ടായിരുന്നത്. രക്ഷാ പ്രവർത്തനത്തിനായി ഇന്ത്യന്‍ നാവിക സേനയും രംഗത്തുണ്ട്.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തില്‍ പലസ്തീനു പിന്തുണ പ്രഖ്യാപിച്ചാണ് തങ്ങളുടെ ആക്രമണമെന്നു ഹൂതി വിമതര്‍ പ്രതികരിച്ചു. കഴിഞ്ഞ നവംബറിലാണ് ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകള്‍ക്കുനേരെ ആക്രമണം ആരംഭിക്കുന്നത്. ഈ മാസത്തിൽ ഹൂതികള്‍ നടത്തുന്ന സമാനമായ അഞ്ചാമത്തെ ആക്രമണമാണിത്. തിരിച്ചടിയെന്നോണം ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്കയും ബ്രിട്ടനും ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com