

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ
ദുബായ്: ഇറാന്‍ അനുകൂല ഹൂതി വിമതര്‍ വ്യാഴാഴ്ച യെമനിലെ തുറമുഖ നഗരമായ മോച്ചയുടെ നിയന്ത്രണം പിടിച്ചെടുത്തു. ഇത് ആഗോള ഊര്‍ജ വിതരണത്തെയും ചെങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗതത്തെയും കുറിച്ചുള്ള ആശങ്കകള്‍ വർധിപ്പിച്ചിരിക്കുകയാണ്. ചെങ്കടലിലേക്കുള്ള തന്ത്രപ്രധാനമായ തെക്കന്‍ കവാടവും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍പ്പാതകളിലൊന്നുമായ ബാബ് എല്‍-മന്‍ഡേബ് കടലിടുക്കില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ഹൂതികളുടെ ഈ മുന്നേറ്റം അവരെ സഹായിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തന്ത്രപ്രധാനമായ ഹാനിഷ് ദ്വീപുകളിലും ഹൂതികള്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഇത് മേഖലയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്.
2014ല്‍ ഹൂതികള്‍ യെമന്‍ തലസ്ഥാനമായ സന പിടിച്ചെടുക്കുകയും അന്താരാഷ്‌ട്ര അംഗീകാരമുള്ള സര്‍ക്കാരിനെ തെക്ക് ഭാഗത്തുള്ള ഏദനിലേക്ക് പിന്തിരിയാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു.
യെമനിലെ ഇറാനിയന്‍ സ്വാധീനം വര്‍ധിക്കുന്നതിലും അതിര്‍ത്തികളിലെ അരാജകത്വത്തിലും ആശങ്കാകുലരായ സൗദി അറേബ്യ, ഹൂതികളെ പുറത്താക്കി ഭരണകൂടത്തെ പുനഃസ്ഥാപിക്കുന്നതിനായി 2015ല്‍ അവര്‍ക്കെതിരേ ഒരു സൈനിക ഇടപെടലിന് നേതൃത്വം നല്‍കി. ഇതിനെത്തുടര്‍ന്നുണ്ടായ ആഭ്യന്തരയുദ്ധം ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധികളിലൊന്നിന് വഴിവച്ചു.
2022-ല്‍ ഐക്യരാഷ്‌ട്രസഭയുടെ മധ്യസ്ഥതയില്‍ യെമനില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ വര്‍ഷങ്ങളോളം നീണ്ട യുദ്ധത്തിന് വലിയൊരളവോളം വിരാമമിട്ടെങ്കിലും, ശാശ്വതമായൊരു പരിഹാരത്തിലേക്ക് നയിക്കാന്‍ അതിനായില്ല. മാത്രമല്ല, ഇപ്പോള്‍ ഏറ്റവും ഒടുവിലായുണ്ടായ സംഘര്‍ഷങ്ങള്‍ വീണ്ടും പൂര്‍ണതോതിലുള്ള യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.
'കണ്ണീരിന്‍റെ കവാടം' എന്ന് വിളിക്കപ്പെടുന്ന ബാബ് എല്‍-മാന്‍ഡെബ്, ചെങ്കടലിന്‍റെ തെക്കേ കവാടമാണ്. അറേബ്യന്‍ ഉപദ്വീപിലെ യെമനും ആഫ്രിക്കന്‍ തീരത്തുള്ള ജിബൂട്ടി, എറിത്രിയ എന്നിവയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം, യെമനിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളും വടക്കന്‍ മേഖലയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതികള്‍ക്ക് അതീവ തന്ത്രപ്രധാനമാണ്.
ഗള്‍ഫ് മേഖലയില്‍ നിന്ന് സൂയസ് കനാല്‍ വഴിയോ അല്ലെങ്കില്‍ ഈജിപ്തിന്‍റെ ചെങ്കടല്‍ തീരത്തുള്ള സൂയസ്-മെഡിറ്ററേനിയന്‍ പൈപ്പ്ലൈന്‍ വഴിയോ മെഡിറ്ററേനിയനിലേക്ക് കൊണ്ടുപോകുന്ന ക്രൂഡ് ഓയിലിനും ഇന്ധനത്തിനും, അതുപോലെ റഷ്യന്‍ എണ്ണ ഉള്‍പ്പെടെ ഏഷ്യയിലേക്ക് കൊണ്ടുപോകുന്ന ചരക്കുകള്‍ക്കും ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നാണ് ഇത്.