

ഇറാനെതിരായ ആക്രമണച്ചെലവ് ജിസിസി രാജ്യങ്ങൾ വഹിക്കണം: അമെരിക്ക
file photo
വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിനു വരുന്ന സകല ചെലവുകളും ജിസിസി രാജ്യങ്ങൾ വഹിക്കണമെന്ന സൂചന നൽകി അമെരിക്ക. കോടാനുകോടി ഡോളർ ചെലവാണ് യുദ്ധത്തിനുവേണ്ടി വരുന്നത്. ഇതു ഗൾഫ് രാജ്യങ്ങൾ നൽകണമെന്ന ആവശ്യം ട്രംപ് മുന്നോട്ടു വച്ചേക്കുമെന്ന് വൈറ്റ്ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് സൂചിപ്പിച്ചു.
1990ലെ ഗൾഫ് യുദ്ധകാലത്ത് അമെരിക്കയുടെ സഖ്യ കക്ഷികൾ യുദ്ധഫണ്ട് നൽകി സഹായിച്ചതു പോലെ അറബ് രാജ്യങ്ങൾ പണം നൽകണമോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് "യുദ്ധച്ചെലവ് വഹിക്കാൻ അറബ് രാജ്യങ്ങളോട് ആവശ്യപ്പെടണമെന്നാണ് പ്രസിഡന്‍റിന്‍റെ താൽപര്യമെന്നായിരുന്നു ലെവീറ്റിന്‍റെ മറുപടി. ഇക്കാര്യത്തിൽ പ്രസിഡന്‍റിനു മുമ്പേ പ്രഖ്യാപനം നടത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എങ്കിലും അദ്ദേഹത്തിന്‍റെ മനസിലുള്ള ആശയമാണിതെന്നു തനിക്കറിയാമെന്നും ഇതിനെ കുറിച്ച് അദ്ദേഹം വൈകാതെ പ്രതികരിക്കുമെന്നും ലെവീറ്റ് കൂട്ടിച്ചേർത്തു.
കുവൈറ്റിനെതിരേ മുമ്പ് ഇറാഖ് ആക്രമണം നടത്തിയപ്പോൾ പ്രതിരോധിച്ചത് അമെരിക്കയുടെ നേതൃത്വത്തിലുള്ള വിവിധ രാജ്യങ്ങളുടെ സഖ്യമായിരുന്നു. കുവൈറ്റിന്‍റെയും മറ്റ് അറബ് രാജ്യങ്ങളുടെയും ആവശ്യപ്രകാരമായിരുന്നു അത്. അന്ന് അമെരിക്കയ്ക്ക് വേണ്ടി വന്ന യുദ്ധച്ചെലവുകൾ അറബ് രാജ്യങ്ങളും യുദ്ധത്തിൽ പങ്കാളികളായ യൂറോപ്യൻ രാജ്യങ്ങളുമാണ് നൽകിയത്.
എന്നാൽ കുവൈറ്റ് യുദ്ധത്തിൽ നിന്ന് വ്യത്യസ്തമാണ് ഇറാനുമായുള്ള യുദ്ധ സാഹചര്യം. അമെരിക്കയും ഇസ്രയേലും ഏകപക്ഷീയമായാണ് ഇറാനുമായി യുദ്ധം തുടങ്ങിയത്. ആരുടെയും ആവശ്യം ഇതിനു പിന്നിലുണ്ടായിരുന്നില്ല. സഖ്യകക്ഷികളെയൊന്നും അടുപ്പിക്കാതെയാണ് അമെരിക്ക ഈ യുദ്ധത്തിനിറങ്ങിയത്. ഇക്കാരണങ്ങളാൽ ട്രംപിന്‍റെ ഈ മനസിലിരുപ്പ് എത്രത്തോളം സാധ്യമാണെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.