

ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ
file photo
വാഷിങ്ടൺ: ഡെന്മാർക്കിന്‍റെ അധീനതയിലുള്ള മേഖല ആരെങ്കിലും ആക്രമിച്ചാൽ കമാൻഡർമാരുടെ ഉത്തരവിനായി കാത്തിരിക്കാതെ സൈനികർ ഉടൻ നടപടി സ്വീകരിക്കണമെന്ന് ഡെന്മാർക്ക് പ്രതിരോധ മന്ത്രാലയം.ഗ്രീൻലാന്‍ഡ് പിടിച്ചെടുക്കാൻ യുഎസ് സൈനിക നടപടി ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
1952ലെ ശീതയുദ്ധ കാലഘട്ടത്തിലെ ഉത്തരവു പ്രകാരം ഒരു വിദേശ സൈന്യം ഡാനിഷ് പ്രദേശത്തിനു ഭീഷണിയായാൽ ഉത്തരവുകൾക്കു കാത്തിരിക്കാതെ സൈന്യത്തിനു വെടി വയ്ക്കാൻ അധികാരമുണ്ടെന്ന് ഡെന്മാർക്കിലെ പ്രാദേശിക പത്രമായ ബെർലിങ്സ്കെയാണ് റിപ്പോർട്ട് ചെയ്തത്.
ഡെന്മാർക്കിന്‍റെ അധീനതയിലുള്ള ഗ്രീൻലാന്‍ഡിലേയ്ക്ക് ഡോണൾഡ് ട്രംപ് കണ്ണുവച്ചിരിക്കുകയാണിപ്പോൾ. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ സ്വയംഭരണ പ്രദേശത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ആവർത്തിച്ചു ഭീഷണിപ്പെടുത്തുകയാണ് ഇപ്പോൾ ട്രംപ്. ഈ സാഹചര്യത്തിലാണ് ഡെന്മാർക്ക് പ്രതിരോധ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
റഷ്യൻ, ചൈനീസ് കപ്പലുകളുടെ സാന്നിധ്യം കാരണം ആർട്ടിക് പ്രദേശത്തെ ആധിപത്യത്തിനായി യുഎസ് ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാന്‍ഡിൽ സ്ഥാനം വേണമെന്നാണ് ട്രംപിന്‍റെ അവകാശവാദം. എന്നാൽ ഈ പ്രദേശം വിൽപനയ്ക്കു വച്ചിട്ടില്ലെന്ന് ഡെന്മാർക്കും ഗ്രീൻലാൻഡും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഗ്രീൻലാന്‍ഡ് പിടിച്ചെടുക്കാനുള്ള ഏതൊരു സൈനിക ശ്രമവും നാറ്റോയുടെ അന്ത്യം കുറിക്കുമെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ ഈ ആഴ്ച മുന്നറിയിപ്പു നൽകിയിരുന്നു.