

ഗാസയിൽ അശാന്തി, ആക്രമണം വെടിനിർത്തൽ കരാറിനു ഭീഷണിയെന്ന്
ഗാസ: ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളെയും വെടിനിർത്തൽ ലംഘനങ്ങളെയും ശക്തമായി അപലപിച്ചു കൊണ്ട് വിവിധ അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ അമ്മാനിൽ വച്ചു പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയെ ഹമാസ് സ്വാഗതം ചെയ്തു.
ഇസ്രയേൽ സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്ന നിയമ ലംഘനങ്ങൾ അത്യാപത്കരമാണെന്നും നിലവിലുള്ള വെടിനിർത്തൽ കരാറിന്‍റെ ഭാവിയെത്തന്നെ ഇത് അപകടത്തിൽ ആക്കുന്നു എന്നും ഹമാസ് വ്യക്തമാക്കി.
അമ്മാൻ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഹമാസ്
മധ്യസ്ഥരായ രാജ്യങ്ങൾക്കും വാഷിങ്ടണിനും പുറമേ ഈ പ്രസ്താവനയിൽ ഒപ്പു വച്ച ജോർദാൻ,യുഎഇ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, തുർക്കി, സൗദി അറേബ്യ, ഖത്തർ, ഈജിപ്ത് എന്നീ എട്ടു രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരോടും അടിയന്തരമായി ഇടപെടാൻ ഹമാസ് അഭ്യർഥിച്ചു. തുടർച്ചയായ ആക്രമണങ്ങൾ, കൊലപാതകങ്ങൾ, കരാർ വ്യവസ്ഥ ലംഘിക്കൽ എന്നിവയിലൂടെ വെടിനിർത്തൽ ധാരണ അട്ടിമറിക്കുന്നതിൽ നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ഹമാസിന്‍റെ ആവശ്യം.
കഴിഞ്ഞ മാസമാണ് ഗാസയിലെ സൈനിക വിന്യാസവും ആയുധങ്ങൾ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കരാറിന് ഹമാസും മറ്റു പലസ്തീൻ സംഘടനകളും തത്വത്തിൽ അംഗീകാരം നൽകിയത്. ഗാസയിൽ നിന്നും ഇസ്രയേൽ സൈന്യത്തെ ഘട്ടം ഘട്ടമായി പൂർണമായും പിൻവലിക്കുന്ന വ്യവസ്ഥയുമായി ബന്ധപ്പെടുത്തിയായിരുന്നു ഈ കരാർ.