
അപ്രതീക്ഷിത സന്ദർശനങ്ങൾ പൂർത്തിയാക്കി ദുബായ് ഭരണാധികാരി
ദുബായ്: ദുബായ് എമിറേറ്റിലെ പൊതു ഇടങ്ങളിൽ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അപ്രതീക്ഷിത സന്ദർശനങ്ങൾ നടത്തിയ ആഴ്ചയാണ് കടന്നുപോയത്. നഗരത്തിലെ മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, ചരിത്ര പ്രാധാന്യമുള്ള സൂഖുകൾ, തുറമുഖങ്ങൾ തുടങ്ങി വിവിധ പൊതു ഇടങ്ങൾ സന്ദർശിച്ച് പാതയോരങ്ങളിൽ താമസക്കാരുമായും സന്ദർശകരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
കഴിഞ്ഞ വാരത്തിന്‍റെ തുടക്കത്തിൽ ദുബായ് ട്രാമാണ് ആദ്യം സന്ദർശിച്ചത്. ദുബായിലെ പൊതുഗതാഗത ശൃംഖലയുടെ വികസനത്തിന് വ്യക്തിപരമായി മേൽനോട്ടം വഹിക്കാനുള്ള തന്‍റെ ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം ആർ.ടി.എ ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
പിന്നീട് ദുബായ് മെട്രൊയിൽ യാത്ര ചെയ്ത് മാൾ ഓഫ് ദി എമിറേറ്റ്സ് സ്റ്റേഷനിൽ ഇറങ്ങി മാളിൽ സന്ദർശനം നടത്തി.
മാൾ ഓഫ് ദി എമിറേറ്റ്സിനുള്ളിൽ ഷെയ്ഖ് മുഹമ്മദ് പ്രശസ്തമായ ഇറ്റാലിയൻ കഫേ 'സിപ്രിയാനി' സന്ദർശിച്ചു. പുറത്തേക്ക് പോകുമ്പോൾ, താമസക്കാരെ അഭിവാദ്യം ചെയ്യാനും അവരുമായി സംസാരിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും കുട്ടികളുമായി ഇടപഴകാനും അദ്ദേഹം സമയം കണ്ടെത്തി.
കഴിഞ്ഞ ചൊവ്വാഴ്ച ദേരയിലെ തിരക്കേറിയ തെരുവുകളിലൂടെ അദ്ദേഹം യാത്ര ചെയ്യുകയും
ദേര ഓൾഡ് സൂഖിലും അൽ ഹംരിയ പോർട്ടിലും സന്ദർശനം നടത്തുകയും ചെയ്തു. ഹംരിയയിലെ ഡിപി വേൾഡിന്‍റെ സ്ഥലവും ഷെയ്ഖ് മുഹമ്മദ് സന്ദർശിച്ചു.
1958ൽ തുടക്കം കുറിക്കുകയും 2017ൽ പുനർനിർമിക്കുകയും ചെയ്ത ദേര വാട്ടർഫ്രണ്ട് മാർക്കറ്റിലും ഷെയ്ഖ് മുഹമ്മദ് സന്ദർശനം നടത്തി. റാസ് അൽ ഖോറി(അൽ അവീർ)ലെ ദുബായ് മുനിസിപ്പാലിറ്റിയുടെ പഴം, പച്ചക്കറി മാർക്കറ്റും ഷെയ്ഖ് മുഹമ്മദ് സന്ദർശിച്ചു.
വാരാന്ത്യത്തിൽ മാൾ ഓഫ് ദി എമിറേറ്റ്‌സിൽ അദ്ദേഹം വീണ്ടും സന്ദർശനം നടത്തി.
ദുബായ് ഹിൽസ് മാളിലും അദ്ദേഹമെത്തി. ജനങ്ങളുമായി അദ്ദേഹം പുലർത്തുന്ന ഊഷ്മളമായുള്ള ബന്ധമായിരുന്നു ഈ സന്ദർശനങ്ങളിൽ മുഴുവൻ പ്രതിഫലിച്ചത്.