

വെനിസ്വേലയുമായി ബന്ധമുള്ള എണ്ണക്കപ്പല്‍ അമേരിക്കന്‍ സൈന്യം പിടിച്ചെടുത്തു
file photo
വാഷിങ്ടൺ: വെനിസ്വേലയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന എണ്ണക്കപ്പൽ അമെരിക്കൻ സൈന്യം ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നു പിടിച്ചെടുത്തു. കപ്പൽ പിടിച്ചെടുത്ത കാര്യം അമെരിക്കൻ സൈന്യം തന്നെയാണ് പുറത്തു വിട്ടത്.
പെന്‍റഗൺ പോസ്റ്റ് ചെയ്ത വീഡിയോയിൽ ടാങ്കറിന് നേരെ പറക്കുന്ന യുഎസ് സൈനിക ഹെലികോപ്റ്ററുകൾ കാണാം. തെക്കേ അമെരിക്കൻ രാജ്യമായ വെനിസ്വേല വർഷങ്ങളായി യുഎസ് എണ്ണ വിലക്ക് നേരിടുകയായിരുന്നു. ആഗോള വിതരണ ശൃംഖലയ്ക്ക് അസംസ്കൃത എണ്ണ കടത്തുന്നതിനായി വെനിസ്വേല മറ്റു രാജ്യങ്ങളുടെ പതാകകൾ വഹിക്കുന്ന കപ്പലുകൾക്ക് തങ്ങളുടെ എണ്ണ വിൽക്കുന്നുണ്ടെന്ന് യുഎസ് ആരോപണം ഉന്നയിച്ചിരുന്നു.
ജനുവരിയിൽ യുഎസ് സൈനിക നടപടിക്കിടെ ടാങ്കറുകൾ തടഞ്ഞതിനെ തുടർന്ന് മഡുറോയെ സമ്മർദ്ദത്തിൽ ആക്കാൻ ഡിസംബറിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ടാങ്കറുകൾ പിടികൂടാൻ ഉത്തരവിട്ടിരുന്നു. ജനുവരി ആദ്യം വെനിസ്വേലൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയെ പിടികൂടിയതിനു ശേഷം വെനിസ്വേലയിലേയ്ക്കും തിരിച്ചും അനധികൃത എണ്ണ ടാങ്കറുകൾക്ക് നടപ്പിലാക്കിയ വിലക്ക് തുടരുമെന്ന് അമെരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. വെനിസ്വേലൻ എണ്ണ ഉൽപാദനവും കയറ്റുമതിയും അമെരിക്കയുടെ നേതൃത്വത്തിൽ നടത്തുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനായി വെനിസ്വേലൻ ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസ് ഈ മാസം ആദ്യം രാജ്യത്തെ ആദ്യത്തെ ദ്രവീകൃത പെട്രോളിയം വാതക കയറ്റുമതി യുഎസിലേയ്ക്ക് ചെയ്തതായി പ്രഖ്യാപിച്ചു. സമുദ്ര മേഖലയിൽ നിയമവിരുദ്ധ നടപടികൾ ഉണ്ടായാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും യുഎസ് വ്യക്തമാക്കി. അടുത്ത കാലത്തായി ഇതിനു മുമ്പ് രണ്ട് വെനിസ്വേലൻ എണ്ണക്കപ്പലുകൾ അമെരിക്കൻ സൈന്യം പിടിച്ചെടുത്തിരുന്നു.